Connect with us

Covid19

കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു; മഹാരാഷ്ട്രയില്‍ സ്ഥിതി അതി രൂക്ഷം

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയിലെ കൊവിഡ് സ്ഥിതി അതിരൂക്ഷം. സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇന്ന് 3,493 പേര്‍ കൂടി പോസിറ്റീവായതോടെ സംസ്ഥാനത്ത് ആകെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 1.01,141 ആയി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനമാണ് നിലവില്‍ മഹാരാഷ്ട്ര. ഇന്നു മാത്രം 127 മരണം റിപ്പോര്‍ട്ട് ചെയ്തു. 3717 ആണ് ആകെ മരണം. 47,793 പേര്‍ക്ക് രോഗം ഭേദമായി. ചൈനയും കാനഡയും ഉള്‍പ്പെടെയുള്ള ലോകത്തെ മറ്റു ചില രാഷ്ട്രങ്ങളെക്കാള്‍ തീവ്രഗതിയിലാണ് മഹാരാഷ്ട്ര സംസ്ഥാനത്ത് രോഗം പരക്കുന്നത്.

തലസ്ഥാനമായ മുംബൈയില്‍ മാത്രം 1366 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ മൊത്തം എണ്ണം 55,451 ആയി. 90 പേര്‍ ഇന്ന് മരിച്ചു. 2,044 ആണ് ആകെ മരണം. മുംബൈയിലെ ധാരാവിയില്‍ 29 പുതിയ രോഗികളെ കൂടി കണ്ടെത്തിയതോടെ ആകെ കേസുകള്‍ 2,000 കടന്നു. 77 പേരാണ് ധാരാവിയില്‍ മരിച്ചത്. ഈ സാഹചര്യത്തിലും മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്നാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വ്യക്തമാക്കിയിട്ടുള്ളത്. കൊവിഡ് പരക്കുന്നതു തടയുന്നതിനും സുരക്ഷിതരായിരിക്കുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു.

Latest