കുവൈത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഫൈസല്‍ മുബാറക്ക് കന്നായി നിര്യാതനായി

Posted on: June 12, 2020 9:24 pm | Last updated: June 12, 2020 at 9:24 pm

കുവൈത്ത് സിറ്റി | കുവൈത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഫൈസല്‍ മുബാറക്ക് കന്നായി (70) നിര്യാതനായി . അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ കുവൈത്തിലെ അമീരി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1969 ല്‍ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറായാണ് കന്നായി മാധ്യമ രംഗത്തെത്തിയത്. കുവൈത്തിലെ നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1983 ല്‍ പ്രസിദ്ധീകരണമാരംഭിച്ച അല്‍-ജമാഹര്‍ ദിനപത്രത്തിന്റെ സ്ഥാപകരിലൊരാളായിരുന്നു. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് സ്‌പോര്‍ട്‌സ് ജേണല്‍ വൈസ് പ്രസിഡന്റ്, ഏഷ്യന്‍ ഫെഡറേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ് ജേണലിന്റെ ആദ്യ വൈസ് പ്രസിഡന്റ്, ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റികളുടെ (ഇ സി എന്‍ യു) കമ്മ്യൂണിക്കേഷന്‍ കമ്മിറ്റി അംഗം, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം തുടങ്ങിയ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്.

അറബ് പ്രസ് യൂണിയന്‍, കുവൈത്ത് ജേണലിസ്റ്റ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍, കുവൈത്ത് ഒളിമ്പിക് കമ്മിറ്റി മീഡിയ കമ്മിറ്റി തലവന്‍, ഏഷ്യന്‍ പ്രസ് കോണ്‍ഫെഡറേഷന്റെ ഓണററി പ്രസിഡന്റ്, അറബ് ജേണലിസ്റ്റ് യൂണിയന്റെ ഉപദേശകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മയ്യിത്ത് അസര്‍ നിസ്‌കാരത്തിനു ശേഷം സുലൈബിക്കാത്തു ഖബര്‍സ്ഥാനില്‍ ഖബറടക്കി.