Covid19
കൊവിഡ് രോഗികളോട് മൃഗങ്ങളോടുള്ളതിനേക്കാള്‍ മോശം പെരുമാറ്റം; രൂക്ഷ പരാമര്‍ശവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി | കൊവിഡ് രോഗികളോട് മൃഗങ്ങളോടുള്ളതിനേക്കാള്‍ മോശമായ പെരുമാറ്റമാണെന്ന് സുപ്രീംകോടതി. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം മാലിന്യ കൂമ്പാരത്തില്‍നിന്നുവരെ കണ്ടെടുക്കുന്ന സ്ഥിതിയാണെന്നും കോടതി വ്യക്തമാക്കി. കൊവിഡ് രോഗികളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നതിലുള്ള അനാദരവ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സ്ഥിതി ഏറെ ദയനീയമാണ്. മൃഗങ്ങളേക്കാള്‍ മോശമായാണ് ഇവരെ കൈകാര്യം ചെയ്യുന്നത്. മൃതദേഹം അഴുക്കുചാലില്‍ നിന്ന് വരെ കണ്ടെത്തി. രോഗികള്‍ മരിച്ചുവീഴുമ്പോഴും അവരെ തിരിഞ്ഞുനോക്കാന്‍ പോലും ആരുമില്ലമില്ലെന്നും സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
കോവിഡ് പരിശോധനകളുടെ എണ്ണം ഡല്‍ഹിയില്‍ കുറവായത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി ചോദിച്ചു. ചെന്നൈയിലും മുംബൈയിലും പരിശോധനകളുടെ എണ്ണം 16,000 മുതല്‍ 17,000 വരെയായി ഉയര്‍ത്തുമ്പോഴും എന്തുകൊണ്ടാണ് ഡല്‍ഹിയില്‍ ഒരുദിവസത്തെ പരിശോധനയുടെ എണ്ണം 7,000 മുതല്‍ 5,000 വരെയായി കുറയുന്നതെന്ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകനോട് കോടതി ആരാഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ പാലിക്കണമെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, എം ആര്‍ ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളോട് വളരെ അനാദരവോടെയാണ് പെരുമാറുന്നത്. ചില സമയങ്ങളില്‍ മരണവിവരം ബന്ധുക്കളെ അറിയിക്കാന്‍ പോലും തയാറാകുന്നില്ല. സര്‍ക്കാര്‍ ആപ്പില്‍ ആശുപത്രികളില്‍ കിടക്ക ഒഴിവ് കാണിക്കുമ്പോഴും ചില ആശുപത്രികള്‍ എന്തുകൊണ്ടാണ് രോഗികളെ പ്രവേശിപ്പിക്കാത്തതെന്നും സുപ്രീംകോടതി ചോദിച്ചു.
സ്വമേധയാ എടുത്ത കേസില്‍ ഡല്‍ഹി, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളോട് കോടതി റിപ്പോര്‍ട്ട് ആരാഞ്ഞിട്ടുണ്ട്. അടുത്ത ബുധനാഴ്ച ഹരജി വീണ്ടും പരിഗണിക്കും.