Connect with us

National

ഇ എസ് ഐ അഴിമതിക്കേസിൽ ടി ഡി പി നേതാവ് അച്ചന്നൈഡു അറസ്റ്റിൽ

Published

|

Last Updated

ഹൈദരാബാദ്| ഇ എസ് ഐ അഴിമതിക്കേസിൽ മുൻ തൊഴിൽ മന്ത്രിയും തെലുങ്കുദേശം പാർട്ടി എം എൽ എയുമായ കെ അച്ചന്നൈഡു ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. മുൻ ഇ എസ് ഐ ജീവനക്കാരായിരുന്ന സി രവി കുമാർ,ജി വിജയകുമാർ, ഇ എസ് ഐ ജോയിന്റ് ഡയറകടർ ജനാർദ്ധനൻ, ചക്രവർത്തി എന്നിവരാണ് അറസ്ററിലായത്.

ഇ എസ് ഐ ആശുപത്രികൾക്കായി മരുന്നുകളും ഉപകരണങ്ങളും വാങ്ങുന്നതിൽ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചാണ് അഴിമതി വിരുദ്ധ ബ്യൂറോ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇ എസ് ഐ ആശുപത്രികളിൽ 975 കോടിയുടെ മരുന്നുകളും മറ്റ് വസ്തുക്കളും വാങ്ങുന്നതിൽ ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് ഡയറക്ടറേറ്റ് അഴിമതി നടത്തിയതായി ഈ വർഷം ഫെബ്രുവരിയിൽ വിജിലൻസ് ആന്റ് എൻഫോഴ്‌സ്‌മെന്റ് വകുപ്പ് അറിയിച്ചിരുന്നു.

2014-19 കാലഘട്ടത്തിൽ ചന്ദ്രബാബു നായിഡു മന്ത്രിസഭയിൽ മന്ത്രിയായിരുന്ന അച്ചന്നൈഡു സംഭരണ മാനദണ്ഡങ്ങൾ ലംഘിച്ചതായാണ് റിപ്പോർട്ട്. മരുന്നുകളും ഉപരണങ്ങളും വാങ്ങുന്നതിൽ 150 കോടി രൂപ ദുരുപയോഗം ചെയ്തതായും സംശയമുണ്ടെന്ന് അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥർ അറിയിച്ചു. ശ്രീകാകുളത്തെ നിമ്മഡ ഗ്രാമത്തിലെ വീട്ടിൽ ഒരു മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയ അച്ചന്നൈഡുവിനെ വിശാഖപട്ടണത്തെ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കാൻ സാധ്യതയുണ്ട്. വൈകീട്ടോടെ അദ്ദേഹത്തെ വിജയവാഡയിലേക്ക് കൊണ്ടുവരുമെന്നാണ് കരുതുന്നത്.

അതേസമയം, അച്ചന്നൈഡുവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയതായി ആരോപിച്ച ടി ഡി പി പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡു രംഗത്തെത്തി. എന്നാൽ ജഗൻമോഹൻ റെഡ്ഡി സർക്കാറിന്റെ കൃത്യവിലോപങ്ങൾക്കെതിരെ പ്രതികരിച്ചതിനാലാണ് അച്ചന്നൈഡുവിനെ അഴിമതിയാരോപണ കേസിൽ കുടുക്കിയതെന്നാണ് ടി ഡി പി നേതാക്കളുടെ പ്രതികരണം.

Latest