Connect with us

International

ചൈനീസ് അനുകൂല പ്രചാരണം; 1.70 ലക്ഷം അക്കൗണ്ടുകള്‍ക്ക് ട്വിറ്റര്‍ പൂട്ടിട്ടു

Published

|

Last Updated

സാന്‍ ഫ്രാന്‍സിസ് കൊ | ചൈനീസ് ഭരണകൂടത്തിന് അനുകൂലമായി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് 1,70,000 അക്കൗണ്ടുകള്‍ ട്വിറ്റര്‍ അടച്ചുപൂട്ടി. ഹോംങ്കോംഗ് പ്രക്ഷോഭം, കൊവിഡ് 19 തുടങ്ങിയ വിഷയങ്ങളില്‍ വഞ്ചനാപരമായ വിവരണങ്ങള്‍ നല്‍കിയതിനാണ് നടപടിയെന്ന് ട്വിറ്റര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ട്വിറ്ററിന് ചൈനയില്‍ വിലക്കുണ്ടെങ്കിലും വിപിഎന്‍ ഉപയോഗിച്ച് നിരവധി പേര്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നുണ്ട്.

അടച്ചുപൂട്ടിയ അക്കൗണ്ടുകളില്‍ ഭൂരിഭാഗവും കഴിഞ്ഞ ജനുവരിയില്‍ ആരംഭിച്ചതാണ്. കൊവിഡ് 19 സംബന്ധിച്ച പോസ്റ്റുകളാണ് ഇവയില്‍ കൂടുതലായും ഉണ്ടായിരുന്നത്. വൈറസ് പ്രതിരോധത്തില്‍ ചൈനയെ പുകഴ്ത്തിക്കൊണ്ടുള്ളതായിരുന്നു ട്വീറ്റുകളെുന്ന് സ്റ്റാന്‍ഫോര്‍ഡ് ഇന്റര്‍നെറ്റ് ഒബ്‌സര്‍വേറ്ററി കേന്ദ്രങ്ങള്‍ അറിയിച്ചു.

നിരോധിക്കപ്പെട്ട അക്കൗണ്ടുകളില്‍ 23,750 അക്കൗണ്ടുകളാണ് പരസ്പര ബന്ധിതമായി ചൈനീസ് അനുകൂല സന്ദേശ പ്രചാരണം നടത്തിയത്. ഈ അക്കൗണ്ടുകളിലൂടെ 3,48,608 സന്ദേശങ്ങളാണ് പ്രചരിപ്പിക്കപ്പെട്ടത്. ഇവയില്‍ വരുന്ന സന്ദേശങ്ങള്‍ റീട്വീറ്റ് ചെയ്യാനാണ് 1,50,000 അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നത്.

റഷ്യയും തുര്‍ക്കിയുമായും ബന്ധപ്പെട്ട പതിനായിരത്തോളം അക്കൗണ്ടുകളും അടച്ചുപൂട്ടിയതായി ട്വിറ്റര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു. ഭരണകൂട അനുകൂല പ്രചാരണം നടത്തിയ റഷ്യയിലെ ആയിരം അക്കൗണ്ടുകള്‍ക്കും തുര്‍ക്കിയിലെ 7340 അക്കൗണ്ടുകള്‍ക്കുമാണ് പൂട്ടുവീണത്.