Covid19
കൊവിഡ് ബാധിതരില്‍ ബ്രിട്ടനെ പിന്തള്ളി ഇന്ത്യ നാലാം സ്ഥാനത്ത്

ന്യൂഡല്‍ഹി | ആഗോള തലത്തില്‍ കൊറോണ വൈറസ് ബാധ രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടണെ പിന്തള്ളി ഇന്ത്യ നാലാം സ്ഥാനത്തെത്തി. ഇന്നലെ വൈകീട്ടോടെ ഇന്ത്യയില്‍ രോഗ ബാധിതരുടെ എണ്ണം 2,95,772 ആയതോടെയാണ് ബ്രിട്ടനെ മറികടന്നത്. ബ്രിട്ടനില്‍ 2,91,588 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. യുഎസ്, ബ്രസീല്‍, റഷ്യ എന്നിവയാണ് ഇന്ത്യയേക്കാള്‍ രോഗനിരക്ക് കൂടിയ രാജ്യങ്ങള്‍.
ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള അമേരിക്കയില്‍ രോഗികളുടെ എണ്ണം 20 ലക്ഷം കടന്നിട്ടുണ്ട്. ബ്രസീലില്‍ 7.72 ലക്ഷം പേര്‍ക്കും റഷ്യയില്‍ 4.93 ലക്ഷം പേര്‍ക്കും രോഗം ബാധിച്ചതായി വേള്‍ഡോമീറ്റേഴ്‌സ്.ഇന്‍ഫോ വ്യക്തമാക്കുന്നു.
മെയ് 24ന് ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെട്ടതിനു പിന്നാലെയാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നത്. തുടര്‍ന്ന് 18 ദിവസം കൊണ്ട് ഇന്ത്യ നാലാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു. ഇതിനിടയില്‍ രോഗബാധ രൂക്ഷമായ സ്‌പെയിനിനേയും ഇറ്റലിയേയും ഇന്ത്യ മറികടന്നു.
മാര്‍ച്ച് 25ന് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ ഇന്ത്യയില്‍ രോഗികളുടെ എണ്ണം 500ല്‍ പരം മാത്രമായിരുന്നു. പത്ത് പേര്‍ മതാ്രമാണ് അന്ന് മരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ചകളില്‍ രോഗികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവ് ഞെട്ടിക്കുന്നതായിരന്നു. പ്രതിദിനം 9000ല്‍ അധികം പേര്‍ക്കാണ് ഇപ്പോള്‍ രാജ്യത്ത് രോഗബാധ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,996 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇന്നലെ വൈകീട്ട് കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 286,579 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 8102 പേര്‍ മരിച്ചു. 141029 പേര്‍ക്ക് രോഗം ഭേദമായി. 137448 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.