Connect with us

Covid19

റെയില്‍വേ തയ്യാറാക്കിവെച്ച ഐസൊലേഷന്‍ കോച്ചുകള്‍ ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുകയും ആശുപത്രികള്‍ നിറയുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ റെയില്‍വേ കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ വിവിധ സംസ്ഥാനങ്ങളുടെ നീക്കം. ഡല്‍ഹി, യു പി, തെലുങ്കാന സംസ്ഥാനങ്ങള്‍ റെയില്‍വെയോട് ഐസൊലേഷന്‍ കോച്ചുകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. 24 സ്ഥലങ്ങളില്‍ കോവിഡ് കെയര്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിനായി 240 കോച്ചുകളാണ് ഉത്തര്‍പ്രദേശ് ആവശ്യപ്പെട്ടിരിക്കുന്നത്. 60 കോച്ചുകള്‍ നല്‍കണമെന്നാണ് തെലങ്കാനയുടെ ആവശ്യം. പത്ത് കോച്ചുകള്‍ ഡല്‍ഹിയും ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ കൊവഡ് കേസുകള്‍ മൂന്ന് ലക്ഷത്തോട് അടുക്കുകയാണ്. രോഗം ഇനിയും തീവ്രമാകുമെന്നാണ് ഐ സി എം ആര്‍ നല്‍കുന്ന മുന്നറിയിപ്പ്. രാജ്യത്ത് വിവിധ നഗരങ്ങളില്‍ സാമൂഹിക വ്യാപനം സംഭവിച്ചു കഴിഞ്ഞതായി പ്രമുഖ ആരോഗ്യ വിദഗ്ദരും പറയുന്നു. ഈ സാഹചര്യത്തിലാണ് റെയില്‍വേ നേരത്തെ തയ്യാറിക്കിവച്ചിരിക്കുന്ന ഐസൊലേഷന്‍ കോച്ചുകള്‍ സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികളെ റെയില്‍വെയുടെ ഐസൊലേഷന്‍ കോച്ചുകളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 16 കിടക്കകളാവും ഓരോ കോച്ചിലുമുണ്ടാവുക.

സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് റെയില്‍വെയാകും കോച്ചുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. റെയില്‍വെയുടെ ഐസൊലേഷന്‍ കോച്ചുകള്‍ ഉപയോഗിച്ചുള്ള രാജ്യത്തെ ആദ്യ കോവിഡ് കെയര്‍ സെന്റര്‍ ഡല്‍ഹിയില്‍ മെയ് 31 ന് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പത്ത് കോച്ചുകളിലായി 160 കിടക്കകളാണ് അവിടെയുള്ളത്.

Latest