Connect with us

Business

ഐടി കമ്പനികള്‍ക്ക് വാടക ഇളവ് നല്‍കും; കൂടുതല്‍ വായ്പ ലഭ്യമാക്കുന്നതിന് ശ്രമിക്കും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് മൂലം പ്രതിസന്ധിയിലായ ഐടി കമ്പനികള്‍ക്ക് സഹായഹസ്തവുമായി സംസ്ഥാന സര്‍ക്കാര്‍. ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 25000 ചതുരശ്ര അടിക്ക് മുകളില്‍ തറ വിസ്തൃതി ഉള്ള എല്ലാ കെട്ടിടങ്ങളുടെയും 10,000 ചതുരശ്ര അടിവരെ ഭാഗത്തിന് വാടക ഇളവ് നല്‍കും. മൂന്ന് മാസത്തേക്കാണ് ഇളവ്. ഏത് മാസങ്ങളിലാണ് ഇളവ് വേണ്ടതെന്ന് കമ്പനികള്‍ക്ക് തീരുമാനിക്കാം. വാടകയിലെ വാര്‍ഷിക വര്‍ധന ഒഴിവാക്കുന്നത് പരിഗണിക്കുമെന്നും ഇതുവരി 2021-22 വര്‍ഷം വാടക വര്‍ധന ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാറിന് വേണ്ടിയുള്ള ഐടി പ്രൊജക്ടില്‍ പണം കിട്ടാനുണ്ടെങ്കില്‍ അത് പരിശോധിച്ച് ഉടന്‍ അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തനം മൂലധനം ഇല്ലാതെ വിഷമിക്കുന്ന കമ്പനികള്‍ക്ക് കൂടുതല്‍ വായപ ലഭ്യമാക്കാന്‍ ബാങ്കുകളുമായി ചര്‍ച്ച നടത്തും. ഗവണ്‍മെന്റ് ഐടി പാര്‍ക്കുകളിലെ 88 ശതമാനം കമ്പനികളും എംഎസ്എംഇ രജിസ്‌ട്രേഷന്‍ ഉള്ളവരാണ്. അവര്‍ക്ക് കേന്ദ്രം പ്രഖ്യാപിച്ച പദ്ധതി പ്രകാരം നിലവിലുളള വായ്പയുടെ 20 ശതമാനം കൂടി ഈടില്ലാതെ ലഭിക്കും. പലിശനിരക്ക് നിലവില്‍ ഉള്ളത് തന്നെയാകും. ഈ ആനുകൂല്യം പരമാവധി ലഭിക്കാന്‍ ബാങ്കുളുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐടി കമ്പനികള്‍ പരമാവധി വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം. വര്‍ക്ക് അറ്റ് ഹോം സൗകര്യം ഉപയോഗപ്പെടുത്തുമ്പോള്‍ നെറ്റിന്റെ ലഭ്യത കുറവ്, കമ്പ്യൂട്ടര്‍ തകരാര്‍ തുടങ്ങി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുണ്ട്. ഈ പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഇത് അനിശ്ചിതത്വം ഉണ്ടാക്കുന്നുണ്ട്. ഉത്പാദന ക്ഷമതയെ ബാധിക്കുകയും ചെയ്യും. ഈ പ്രശ്‌നത്തിന് പരിഹാരമായി ഐടി കമ്പനികളുമായി ചേര്‍ന്ന വര്‍ക് നിയര്‍ ഹോം യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ സന്നദ്ധമാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവിലുള്ള ജീവനക്കാരുടെ പ്രവര്‍ത്തന നൈപുണ്യം മതിയാകാതെ വരിക ആണെങ്കില്‍ അത്തരം ജീവനക്കാരെ വര്‍ക് ഷെയറിംഗ് രീതിയിലേക്ക് മാറ്റുകയും അവരുടെ വിവരങ്ങള്‍ സംസ്ഥാന ഐടി വകുപ്പ് നിര്‍ദേശിക്കുന്ന നോഡല്‍ ഒോഫീസര്‍ക്ക് ലഭ്യമാക്കുകയും ചെയ്യണം. ഇങ്ങനെ വര്‍ക് ഷെയറിംഗ് രീതിയിലേക്ക് മാറുന്നവര്‍ക്ക് സര്‍കാര്‍ നല്‍കുന്ന നൈപുണ്യ പരിശീലന കേന്ദ്രങ്ങളില്‍ പരിശീലനം ലഭ്യമാക്കും. പരിശീലനം പൂര്‍ത്തിയാക്കുന്ന മുറക്ക് അവരെ വിവിധ മേഖലകളില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Latest