Connect with us

Covid19

കൊവിഡ് രോഗികള്‍ ആത്മഹത്യ ചെയ്ത സംഭവം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യ മന്ത്രിയുടെ ശാസന

Published

|

Last Updated

തിരുവനന്തപുരം | ഐസൊലേഷന്‍ വാര്‍ഡില്‍ രോഗികള്‍ തൂങ്ങിമരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഉദ്യേഗസ്ഥരെ ആരോഗ്യമന്ത്രി കെ കെ ശൈലജ ശാസിച്ചു. മന്ത്രിയുടെ ഓഫീസിലേക്ക് വളിച്ചുവരുത്തിയാണ് ആരോഗ്യമന്ത്രി ശാസിച്ചത്. ഇതിന് പിറകെ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെയും ആര്‍എംഒയെയും ഓഫീസിലേയ്ക്ക് വിളുച്ചുവരുത്തി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ സാന്നിധ്യത്തിലാണ് മന്ത്രിയുടെ ശാസന. സംഭവത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്ന് തന്നെ മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

തിരുവനന്തപുരം സ്വദേശികളായ സജികുമാര്‍, മുരുകേശന്‍ എന്നിവരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ ആത്മഹത്യചെയ്തത്. ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് സജികുമാര്‍ കടന്നിരുന്നു. നാട്ടുകാരാണ് ഇയാളെ തടഞ്ഞ് ദിശയുടെ വാഹനത്തില്‍ വീണ്ടും മെഡിക്കല്‍ കോളജിലെത്തിച്ചത്. കടുത്ത മദ്യാസക്തിയുള്ള സജികുമാര്‍ മദ്യം വാങ്ങാന്‍ തമിഴ്‌നാട്ടില്‍ പോയപ്പോഴാണ് രോഗബാധിതനായത്.

സജികുമാറിന്റെ മരണവാര്‍ത്ത പുറത്തറിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് മുരുകേശന്‍ മുറിയില്‍ തൂങ്ങിമരിച്ചത്. തമിഴ്‌നാട്ടിലെ പന്നിഫാമില്‍ ജീവനക്കാരനായിരുന്നു ഇയാള്‍.