Connect with us

National

റെയ്ഡില്‍ കണ്ടെടുത്തത് 47 കോടിയുടെ കള്ളനോട്ട്; സൈനികനടക്കം അഞ്ച് പേര്‍ പിടിയില്‍

Published

|

Last Updated

പൂനെ | മഹാരാഷ്ട്രയിലെ പൂനെയില്‍ മിലിറ്ററി ഇന്റലിജന്‍സും പൂനെ ക്രൈംബ്രാഞ്ചും സംയുക്തമായി നടത്തിയ റെയ്ഡില്‍ ഏകദേശം 47 കോടിയുടെ കള്ളനോട്ട് പിടികൂടി. പൂനെയിലെ വിമാന്‍നഗറിലെ കെട്ടിടത്തിലാണ് രഹസ്യവിവരത്തെ തുടര്‍ന്ന് റെയ്ഡ് നടത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് ഒരു സൈനികന്‍ അടക്കം അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. വ്യാജ വിദേശ കറന്‍സിക്കൊപ്പം 3 ലക്ഷം രൂപയുടെ യഥാര്‍ഥ കറന്‍സിയും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ലൈസന്‍സില്ലാത്ത തോക്കുകളും അറസ്റ്റിലായവരുടെ പക്കലുണ്ടായിരുന്നു. പിടിയിലായ സൈനികനെ പൂനെയിലെ ഒരു സൈനിക കേന്ദ്രത്തിലേക്ക് മാറ്റി.

ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തിയ നോട്ടുകള്‍ അടക്കമുള്ളവയാണ് പിടിച്ചെടുത്തത്. സതേണ്‍ കമാന്‍ഡ് ലൈസണ്‍ യൂണിറ്റിം മിലിട്ടറി ഇന്റലിജന്‍സും പൂനെ സിറ്റി പൊലീസിലെ ക്രൈം ബ്രാഞ്ചുമാണ് സംയുക്ത റെയ്ഡില്‍ ഭാഗമായത്. അറസ്റ്റിലായ സൈനികന് കള്ളനോട്ട് സംഘത്തിന്റെ ഭാഗമെന്നാണ് പ്രാഥമിക വിവരമെന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിമാന്‍ നഗറിലെ ഒരു ബംഗ്ലാവില്‍ കള്ളനോട്ട് വ്യാപാരം നടക്കുന്നതായി ആര്‍മി ഇന്റലിജന്‍സിനാണ് വിവരം ലഭിച്ചത്. രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റേയുമാണ് പിടിച്ചെടുത്തവയില്‍ ഏറെയും. വ്യാജ യുഎസ് ഡോളര്‍, രഹസ്യ ക്യാമറകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വ്യാജ രേഖകള്‍ എന്നിവയും റെയ്ഡില്‍ കണ്ടെത്തി.

---- facebook comment plugin here -----

Latest