Articles
ബസ് വ്യവസായത്തിന് ബ്രേക്ക് ഡൗണ്‍

ശ്രീനിവാസന്‍ തിരക്കഥ എഴുതി സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 1989ല്‍ പുറത്തിറങ്ങിയ വരവേല്‍പ്പെന്ന സിനിമ ഒരു സാധാരണ ബസ് മുതലാളിയുടെ ദുരിത കഥയാണ് അവതരിപ്പിക്കുന്നത്. പാവപ്പെട്ട കുടുംബാംഗമായ മുരളിയെന്ന കഥാപാത്രം വര്‍ഷങ്ങളോളം പ്രവാസ ജീവിതം നയിച്ച് കഠിനാധ്വാനത്തിലൂടെ കുടുംബം പച്ചപിടിപ്പിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ നാട്ടിലെത്തിയ അയാള്‍ കൈയിലുണ്ടായിരുന്ന പണമുപയോഗിച്ച് റൂട്ടോട് കൂടിയുള്ള ബസ് വാങ്ങുന്നു. സമൂഹത്തിന് ഉപകാരമുള്ള വ്യവസായമെന്ന രീതിയിലും നാലാള്‍ക്ക് ജോലി നല്‍കാനാകുമെന്ന വിശ്വാസത്തിലും ജീവിക്കാനുള്ള വരുമാനം ലഭിക്കുമെന്ന പ്രത്യാശയിലുമായിരുന്നു മറ്റ് വ്യവസായങ്ങളിലേക്കൊന്നും തിരിയാതെ ബസ് മേഖലയിലേക്ക് തന്നെ അയാള്‍ തിരിഞ്ഞത്. ഒരു ഗ്രാമത്തിലേക്കുള്ള ഏക ബസ്. എന്നാല്‍ പ്രതീക്ഷകള്‍ക്കൊത്ത് വളരാന്‍ ബസ് വ്യവസായം അയാളെ അനുവദിച്ചില്ല.
വണ്ടിയുടെ തകരാറുകള്‍, ഇന്ധന വില വര്‍ധന, അപകടങ്ങള്‍, തൊഴിലാളി സംഘടനകളുടെ പിടിവാശി, മോട്ടോര്‍ വാഹന വകുപ്പിന്റെ അനാവശ്യ പരിശോധനകള്‍ തുടങ്ങി പ്രതിബന്ധങ്ങളുടെ നീണ്ട നിരയിലൂടെയായി പിന്നീടുള്ള ബസോട്ടം. അതിനിടെ ഗ്രാമത്തില്‍ ഉത്സവം വരുന്നു. നഷ്ടങ്ങളിലൂടെ ഓടിത്തളര്‍ന്ന ബസിനെ കരകയറ്റാന്‍ ഉത്സവ സീസണിലെ സര്‍വീസ് സഹായകരമാകുമെന്ന് കരുതിയ മുരളിക്ക് അവിടെയും അടിതെറ്റി. ഉത്സവകാലത്ത് ബസ് ഓടി നല്ല കലക‌്ഷന്‍ ലഭിച്ചെങ്കിലും ആ തുകയും കൊണ്ട് കണ്ടക്ടര്‍ മുങ്ങുന്നു. പ്രശ്നത്തില്‍ തൊഴിലാളി സംഘടന ഇടപെട്ടു. തുടര്‍ന്നുണ്ടായ പൊല്ലാപ്പിനിടെ തൊഴിലാളി നേതാക്കള്‍ ബസ് അടിച്ചുതകര്‍ക്കുന്നു. അറ്റകുറ്റപ്പണി നടത്തി വീണ്ടും ബസിറക്കാന്‍ യാതൊരു നിര്‍വാഹവുമില്ലാത്ത മുരളിയോട് സ്വന്തം കുടുംബാംഗങ്ങള്‍ പോലും ശത്രുതയോടെയാണ് പെരുമാറുന്നത്. എല്ലാം നഷ്ടപ്പെട്ട മുരളി ജീവിതം കരപിടിപ്പിക്കാന്‍ ഗത്യന്തരമില്ലാതെ വീണ്ടും മണലാരണ്യത്തിലേക്ക് പറിച്ചുനടപ്പെടുന്നു.
സാധാരണക്കാരന്റെ ജീവിതം പറയുന്ന ഈ സിനിമ പോലെ തന്നെയായിരിക്കുന്നു ഇന്ന് ഒട്ടുമിക്ക ബസ് മുതലാളിമാരുടെയും ജീവിതം. ലക്ഷങ്ങള്‍ വരുമാനം ലഭിക്കുമെന്ന വ്യാമോഹം ബസ് വ്യവസായത്തില്‍ അവസാനിച്ചിട്ട് കാലങ്ങളേറെയായി. ജീവിതോപാധിക്ക് മാത്രമായാണ് ഇന്ന് പലരും ഈ മേഖലയില്‍ പിടിച്ചുനില്‍ക്കുന്നത്.
പ്രതിസന്ധിയുടെ നടുക്കടലിലൂടെ നീന്തുന്ന ബസ് വ്യവസായത്തിന് മറ്റൊരു അടിയായിരിക്കുകയാണ് കൊവിഡ് മഹാമാരിയും. മാസങ്ങളോളം സര്‍വീസ് നിര്‍ത്തിവെച്ച് ഇക്കഴിഞ്ഞ മെയ് 20 മുതല്‍ വീണ്ടും ഓട്ടം പുനരാരംഭിച്ചെങ്കിലും കൊവിഡ് ആശങ്കയില്‍ യാത്രക്കാര്‍ ബസില്‍ കയറാതിരിക്കുന്നതാണ് പുതിയ പ്രതിസന്ധി. 50 ശതമാനം യാത്രാനിരക്ക് വര്‍ധിപ്പിച്ചായിരുന്നു സര്‍വീസ്. ഇതോടെ ജി ഫോം നല്‍കി സര്‍വീസ് നിര്‍ത്തിയ ബസുകളും അപേക്ഷ പിന്‍വലിച്ച് നിരത്തിലിറങ്ങി. എന്നാല്‍ ജൂണ്‍ ഒന്നോട് കൂടി യാത്രാനിരക്ക് പഴയപടിയാക്കി. ഒന്നിടവിട്ട സീറ്റുകളില്‍ മാത്രമേ യാത്രക്കാരെ കയറ്റാവൂവെന്ന നിര്‍ദേശം മാറ്റി എല്ലാ സീറ്റുകളിലും യാത്രക്കാരെ കൊണ്ടുപോകാമെന്ന ഉത്തരവ് വന്നതിന് പിന്നാലെയായിരുന്നു യാത്രാനിരക്ക് കുറച്ചത്. ഇത് ഇരട്ടി ദുരിതമായെന്ന് ഉടമകള്‍ പറയുന്നു. ദിനംപ്രതി കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗ്രാമങ്ങളിലുള്‍പ്പെടെ ജനങ്ങള്‍ ബസുകളില്‍ കയറാന്‍ മടിക്കുകയാണ്. അല്ലെങ്കിലും മരണ വീടുകളില്‍ പോലും ആളുകള്‍ക്ക് നിയന്ത്രണമുള്ള സാഹചര്യത്തില്‍ ആരാധനാലയങ്ങളും ആഘോഷങ്ങളും പരിപാടികളുമൊന്നുമില്ലാത്ത മഹാമാരിക്കാലത്ത് ബസില്‍ കയറാന്‍ ആരെ കിട്ടാനാണ്. പോരാത്തതിന് നേരത്തേയുണ്ടായിരുന്ന സാമൂഹിക അകലം പൊടുന്നനെ എടുത്തുമാറ്റിയതോടെ പലരെയും കേരളത്തിലെ പ്രധാന പൊതുഗതാഗത സംവിധാനമായ ബസ് യാത്രകളില്‍ നിന്ന് മാറി ചിന്തിപ്പിക്കുകയും ചെയ്യുന്നു.
വരവിനെക്കാള്‍ ചെലവേറിയതോടെ സര്‍വീസ് നിര്‍ത്തിവെക്കാന്‍ സര്‍ക്കാറിന് വീണ്ടും അപേക്ഷ നല്‍കിയിരിക്കുകയാണ് പല ഉടമകളും. ഇനിയും നഷ്ടം താങ്ങാനാകില്ലെന്ന കണക്കുകൂട്ടലില്‍ ഇതേ വഴിയിലേക്ക് മറ്റുള്ളവരും നീങ്ങിത്തുടങ്ങിയതോടെ സ്വകാര്യ ബസ് വ്യവസായത്തിന്റെ തകര്‍ച്ച പൂര്‍ണതയിലേക്കെത്തിയിരിക്കുന്നുവെന്ന് തന്നെ കരുതണം. സാധാരണക്കാരുടെ ഗതാഗതോപാധിയായ ബസുകളെ നഷ്ടത്തില്‍ നിന്ന് കരയറ്റാനുള്ള സമഗ്ര പദ്ധതികളൊന്നും ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ സര്‍ക്കാറുകള്‍ക്കാവില്ലെങ്കില്‍ അധികം താമസിയാതെ ഈ വ്യവസായം നിലക്കുമെന്നതില്‍ സംശയം വേണ്ട.
ബസ് വ്യവസായത്തിന്റെ തകര്‍ച്ച കൊവിഡിന് മുമ്പേ തുടങ്ങിയതാണ്. കൊവിഡ് കൂടി ആസന്നമായതോടെ അത് പരിപൂര്‍ണതയിലെത്തിയെന്ന് മാത്രം. രാജ്യം ലോക്ക്ഡൗണില്‍ നിന്ന് കെട്ടഴിച്ച് സാധാരണ നിലയിലേക്ക് നീങ്ങിത്തുടങ്ങുന്നുണ്ടെങ്കിലും ബസ് വ്യവസായ മേഖല സാധാരണ നിലയിലെത്തണമെങ്കില്‍ സര്‍ക്കാര്‍ കനിഞ്ഞേ തീരൂ. സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാന്‍ കൊവിഡ് ജനങ്ങളെ പഠിപ്പിച്ചു കഴിഞ്ഞു. യാത്രാനിരക്ക് പരിശോധിച്ചാലും സാധാരണക്കാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ബസുകളില്‍ 50 ശതമാനം യാത്രാനിരക്ക് പ്രാബല്യത്തില്‍ വരികയാണെങ്കില്‍ കൂടുതല്‍ സാഹസത്തിന് മുതിരാതെ നല്ലൊരു ശതമാനം യാത്രികരും സ്വന്തം വാഹനങ്ങളില്‍ നിരത്തിലിറങ്ങുമെന്നുറപ്പാണ്. ഇതുമൂലമുണ്ടാകുന്ന വാഹനപ്പെരുപ്പത്തില്‍ ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യസംഭവമാകുമെന്ന് മാത്രം. വാഹനത്തിന്റെ പുകമൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം മറ്റൊന്ന്. പൊതുഗതാഗത സംവിധാനം തകിടം മറിഞ്ഞാല്‍ അത് കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് സാധാരണക്കാരായ ആളുകളെയായിരിക്കുമെന്ന് ഉറപ്പ്.
കെ എസ് ആര്‍ ടി സിക്ക് പോലും പിടിച്ചുനില്‍ക്കാനാകുന്നില്ല
സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന കെ എസ് ആര്‍ ടി സി പോലും വന്‍ നഷ്ടത്തിലാണെന്ന് ഗതാഗത വകുപ്പ് തന്നെ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതാണ്. ഇരിപ്പിട നിയന്ത്രണം ഒഴിവാക്കിയത് മൂലം എല്ലാ സീറ്റുകളിലും ആളെ കയറ്റാനാകുമെങ്കിലും യാത്രക്കാരില്ലാത്തതിനാല്‍ വന്‍ നഷ്ടമാണെന്നാണ് കഴിഞ്ഞ ദിവസവും കെ എസ് ആര്‍ ടി സി അധികൃതര്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. ജീവനക്കാരുടെ ശമ്പളം കൊടുത്തുവീട്ടുന്നതിന് പോലും സര്‍ക്കാറിന് കോടികള്‍ മാറ്റിവെക്കേണ്ട അവസ്ഥയാണ്.
കെ എസ് ആര്‍ ടി സിയെക്കാള്‍ മൂന്നിരട്ടിയോളം വരും സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍. അപ്പോള്‍ സ്വകാര്യ മേഖലയിലെ നഷ്ടം എത്രയാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് പൊതുഗതാഗത സംവിധാനത്തോട് പ്രതിബദ്ധതയില്ലെങ്കില്‍ ജനങ്ങളുടെ കണ്ണീരൊപ്പേണ്ട ഗതികേട് തങ്ങള്‍ക്കാണോയെന്നാണ് ബസ് ഉടമകളുടെ ചോദ്യം.
അര ലക്ഷത്തോളം തൊഴിലാളികളുടെ ഏക വരുമാന മാര്‍ഗമാണ് സ്വകാര്യ ബസ് വ്യവസായം. പലരും സ്വയം തൊഴിലെന്ന രീതിയില്‍ കടം വാങ്ങിയും മറ്റുമാണ് ബസ് നിരത്തിലിറക്കിയിരിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിലെങ്കിലും ഗതികേടിന്റെ അങ്ങേയറ്റത്തെത്തിയിരിക്കുന്ന പൊതുഗതാഗത സംരംഭത്തിന് ആശ്വാസമാകുന്നതിന് പകരം ബസ് ഉടമകളോട് നിഴല്‍ യുദ്ധം പ്രഖ്യാപിച്ചത് പോലെയാണ് സര്‍ക്കാറിന്റെ പെരുമാറ്റം.
മനസ്സുവെച്ചാല്‍ യാത്രാ നിരക്ക് പിടിച്ചുനിര്‍ത്താം
പന്ത്രണ്ടായിരത്തിലേറെ സ്വകാര്യ ബസുകളാണ് ലോക്ക്ഡൗണിന് മുമ്പ് സംസ്ഥാനത്തെ നിരത്തുകളിലുണ്ടായിരുന്നത്. വിവിധതരം നികുതിയിനത്തില്‍ മാത്രം ദിനേന കോടികള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കിയായിരുന്നു ബസോട്ടം. ഉള്ള കാലത്ത് ഉള്ളതെല്ലാം വാങ്ങിക്കൂട്ടി അവസാനം അടിച്ചോടിക്കുന്നതിന് തുല്യമായാണ് ബസ് ഉടമകളോട് ഇപ്പോഴുള്ള സര്‍ക്കാര്‍ സമീപനം. ഡീസല്‍ നികുതിയില്‍ ഇളവ് വരുത്തിയും റോഡ് നികുതിയും ക്ഷേമനിധിയും താത്കാലികമായി ഒഴിവാക്കിയും ഈ പ്രതിസന്ധിക്കാലത്ത് ബസ് വ്യവസായികളോട് സര്‍ക്കാര്‍ കരുണ കാട്ടണമായിരുന്നു. ജനങ്ങളുടെ മേല്‍ അധിക ബാധ്യത അടിച്ചേല്‍പ്പിക്കില്ലെന്ന് പറഞ്ഞാണ് യാത്രാനിരക്ക് വര്‍ധനയെ സര്‍ക്കാര്‍ എതിര്‍ക്കുന്നതെങ്കില്‍ നികുതിയിനത്തില്‍ ഇളവ് വരുത്തി ഉടമകള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടില്ലാത്ത വിധത്തിലാണ് പ്രശ്നം കൈകാര്യം ചെയ്യേണ്ടത്.
ഇരിപ്പിടത്തില്‍ അകലം പാലിക്കണമെന്ന നിബന്ധന പിന്‍വലിച്ചതിന് പിന്നാലെ യാത്രാ നിരക്ക് കുറച്ചത് സ്വാഭാവിക നടപടി തന്നെ. എന്നാല്‍ നഷ്ടത്തില്‍ കലാശിക്കാതെ പൊതുഗതാഗത സംവിധാനത്തെ പിടിച്ചുനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതിന് സ്ഥിരം സംവിധാനം ഒരുക്കുക തന്നെ വേണം.