Gulf
പ്രത്യേക വിമാനങ്ങൾ വർധിപ്പിച്ച് ദുബൈ; കേരളത്തിലേക്ക് 44 സർവീസുകൾ

ദുബൈ | വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിൽ യു എ ഇയിൽ നിന്ന് കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തി. ഇന്ത്യയിലേക്ക് 45 പ്രത്യേക വിമാന സർവീസുകളുണ്ടാകുമെന്നു ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ അറിയിച്ചു. ഇതിൽ 44 എണ്ണം കേരളത്തിലേക്കും ഒരെണ്ണം ഒഡീഷയിലേക്കുമാണ്. ചാർട്ടർ വിമാനങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക വിമാനങ്ങൾ കുറച്ചതിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ജൂൺ 9 മുതൽ 19 വരെമൂന്നാം ഘട്ടത്തിന്റെ ആദ്യ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചിരുന്നു. അതിൽ 25 വിമാനങ്ങളുടെ വിവരമാണ് പുറത്തുവിട്ടിരുന്നത്. കേരളത്തിലേക്ക് എട്ട് സർവീസ് ഉൾപെട്ടിരുന്നു. ഇന്നലെ കൂടുതൽ വിമാനങ്ങൾ ചേർത്തു.
പഴയ നില അനുസരിച്ചു ജൂൺ 21 നും 23 നും ഇടയിൽ ദില്ലി, ചണ്ഡിഗഡ്, ജയ്പൂർ, ഹൈദരാബാദ്, ലഖ്നൗ എന്നിവടങ്ങളിലേക്കു വിമാനങ്ങളുണ്ട്. എന്നാൽ പുതിയ പ്രഖ്യാപനത്തിൽ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലേക്ക് ഓരോ സർവീസ് മാത്രമെയുള്ളൂ. ആയിരക്കണക്കിന് ഇന്ത്യക്കാർ മൂന്നാം ഘട്ടത്തിൽ തങ്ങളുടെ സംസ്ഥാനങ്ങളിലേക്കു യാത്രക്കായി ഒരുങ്ങിയിട്ടുണ്ട്.
കണ്ണൂരിലേക്ക് 10 ചാർട്ടർ വിമാനങ്ങൾ
കണ്ണൂരിലേക്ക് 10 ചാർട്ടേർഡ് വിമാനങ്ങൾ സർവീസ് നടത്താൻ സംസ്ഥാന സർക്കാറിന്റെ അനുമതി ലഭിച്ചതായി യു എ ഇയിലെ ട്രാവൽ ഏജൻസിയായ സ്മാർട് ട്രാവൽസ് എംഡി അഫി അഹമ്മദ് അറിയിച്ചു. പ്രതിസന്ധിയിലായ പ്രവാസികളെ സഹായിക്കാൻ തങ്ങൾക്ക് ലഭിച്ച ചാർട്ടേർഡ് വിമാനങ്ങൾ ഏറ്റവും ചുരുങ്ങിയ നിരക്കിൽ ടിക്കറ്റേർപെടുത്തി ഒരുക്കുമെന്നും 1,000 ദിർഹമിൽ താഴെയായിരിക്കും ടിക്കറ്റ് നിരക്കെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയിലെ ദേശീയ വിമാനങ്ങളായിരിക്കും അടുത്തയാഴ്ചയോടെ പറക്കുക. യാത്രക്കാർക്ക് ഭക്ഷണവും സുരക്ഷാ കിറ്റുകളും റാപ്പിഡ് ടെസ്റ്റുമടക്കം ഈ തുകയിൽ നൽകും. ഇതിനായുള്ള ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി ചാർട്ടേർഡ് വിമാനങ്ങൾ ഏർപെടുത്തി അനുഭവ സമ്പത്തുമുള്ള തങ്ങൾക്ക് യാത്രക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നിരക്ക് ഏർപെടുത്തിക്കൊടുക്കുക എന്നത് എളുപ്പമാണ്.
വിമാന കമ്പനികളുമായി വേണ്ട രീതിയിൽ ചർച്ചകൾ നടത്താത്തതുകൊണ്ടാണ് ചാർട്ടേർഡ് വിമാനങ്ങളുടെ ടിക്കറ്റ് വർധനക്ക് കാരണമായത്. നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കും ടിക്കറ്റ് സ്‌പോൺസർ ചെയ്യാനുദ്ദേശിക്കുന്നവരും നേരിട്ട് സ്മാർട് ട്രാവൽസുമായി ബന്ധപ്പെടണം. ഫോൺ: +971 56 552 2547, +971 50 407 5500, +971 6 5691111, +971 4 2737777.