Gulf
വേൾഡ് എക്‌സ്‌പോ 2020; ദുബൈ പോലീസിന്റെ ആധുനിക സുരക്ഷാ സംവിധാനങ്ങൾ മന്ത്രി റീം വിലയിരുത്തി

ദുബൈ | അടുത്ത വർഷത്തേക്ക് മാറ്റിവെച്ച ദുബൈ വേൾഡ് എക്‌സ്‌പോ 2020യുടെ സുരക്ഷാസംബന്ധമായ കാര്യങ്ങൾ വിലയിരുത്തുന്നതിന് യു എ ഇ രാജ്യാന്തര സഹകരണ സഹമന്ത്രിയും എക്‌സ്‌പോ 2020 ഡയറക്ടർ ജനറലുമായ റീം ബിൻത് ഇബ്‌റാഹീം അൽ ഹാശിമി ദുബൈ പോലീസ് ആസ്ഥാനം സന്ദർശിച്ചു. ദുബൈ പോലീസ് മേധാവി”ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയും മറ്റു ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയെ സ്വീകരിച്ചു.
2021 ഒക്‌ടോബർ ഒന്ന് മുതൽ 2022 മാർച്ച് 31 വരെ അരങ്ങേറുന്ന എക്‌സ്‌പോയുടെ സുരക്ഷാചുമതല ദുബൈ പോലീസിനാണ്. പോലീസും എക്‌സ്‌പോ ഓഫീസും സഹകരണം വർധിപ്പിക്കേണ്ടതിന്റെ കാര്യങ്ങളും മന്ത്രിയും ഉന്നതോദ്യോഗസ്ഥരും ചർച്ച ചെയ്തു. സെക്യൂരിറ്റി ഇന്നൊവേഷൻ ലബോറട്ടറി സന്ദർശിച്ച മന്ത്രി സുരക്ഷക്കുവേണ്ടിയുള്ള ആധുനിക സാങ്കേതിക വിദ്യകളും സ്മാർട് സർവീസുകളും വിലയിരുത്തി. ദുബൈ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായി ബന്ധിപ്പിച്ച ആധുനിക സുരക്ഷാ-നിരീക്ഷണ സൗകര്യങ്ങളോടെയുള്ള പോലീസ് പട്രോളിംഗ് സംവിധാനവും റീം അൽ ഹാശിമി പരിശോധിച്ചു.
ഭരണാധികാരികളുടെ മാർഗനിർദേശങ്ങളുൾകൊണ്ട് വിവിധ നാഷണൽ അതോറ്റികൾ, സബ് ഡിപ്പാർട്‌മെന്റ്‌സ് എന്നിവരുമായി സഹകരിച്ച് അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് എക്‌സ്‌പോക്കു വേണ്ടി ദുബൈ പോലീസ് സജ്ജമാക്കുന്നതെന്ന് മേധാവി ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.