Connect with us

International

ഉടച്ചുവാർക്കൽ തുടങ്ങി; ന്യൂയോർക്കിലെ പോലീസ് അച്ചടക്ക രഹസ്യനിയമം റദ്ദാക്കുന്നു

Published

|

Last Updated

ന്യൂയോർക്ക്| പോലീസ് ഉദ്യോഗസ്ഥരുടെ അച്ചടക്ക രേഖകൾ പൊതുജനങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള അച്ചടക്ക രഹസ്യ നിയമം റദ്ദാക്കാൻ വോട്ട് ചെയ്ത് നിയമനിർമാതാക്കൾ. പോലീസ് ക്രൂരതക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തിനിടെ ഈ ആഴ്ച നിയമത്തിനെതിരെയുള്ള ബില്ലിൽ ഒപ്പുവെക്കുമെന്ന് ഗവർണർ ആൻഡ്രൂ ക്യൂമോ ട്വീറ്റ് ചെയ്തു

വെള്ളക്കാരനായ പോലീസ് ഓഫീസറുടെ ക്രൂരതക്കിരയായി കൊല്ലപ്പെട്ട ജോർജ് ഫ്ളോയിഡിന് വേണ്ടി രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നപ്പോൾ അൽബാനിയിലെ ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള അസംബ്ലിയും സെനറ്റും മുന്നോട്ടുവെച്ച പോലീസ് പരിഷ്‌കരണ നടപടികളുടെ ഭാഗമാണ് ബില്ല്. 2014ലും ന്യൂയോർക്ക് സിറ്റിയിൽ സമാന സംഭവത്തെ തുടർന്ന് ആഫ്രിക്കൻ-അമേരിക്കൻ വംശജനായ എറിക് ഗാർനർ കൊല്ലപ്പെട്ടപ്പോഴും ഇത്തരം മർദനമുറക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.

തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. ഇത് പോലീസിന്റെ മർദനമുറകൾക്ക് തടയിടും. പോലീസ് ഉദ്യോഗസ്ഥരുടെ അച്ചടക്ക രേഖകൾ പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുന്നത് തടയുന്ന സിവിൽ റൈറ്റ്‌സ് നിയമമായ 50എയിലെ വിവാദപരമായ ഭാഗം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പണ്ടേ മുറവിളി ഉയരുന്നുണ്ടായിരുന്നു.

വരും ദിവസങ്ങളിൽ പാസ്സാക്കുന്ന പുതിയ നിയമം മോശം നിയമപാലകരെ കണ്ടെത്താനും ക്രൂരത, വർഗീയത, നീതീകരിക്കപ്പെടാത്ത കൊലപാതകങ്ങൾ എന്നിവക്കും അനുവദിക്കില്ലെന്നും ന്യൂയോർക്ക് സെനറ്റ് ഭൂരിപക്ഷ നേതാവ് ആൻഡ്രിയ സ്റ്റുവാർട്ട്കസിൻസ് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ പോലീസ് യൂനിയനുകൾ ഈ നിയമത്തെ പോലീസിനെതിരായ ആക്രമണമെന്ന് വിശേഷിപ്പിച്ചു.

ന്യൂയോർക്ക് സിറ്റി കൗൺസിൽ ഇത്തരം മർദനമുറകൾ പ്രയോഗിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കുറ്റം ചുമത്താനുള്ള ബില്ലും പരിഗണിച്ചിരുന്നു, ഇതിന് നിയമനിർതാക്കൾക്കിടയിൽ വ്യാപക പിന്തുണയുണ്ടെങ്കിലും മേയർക്ക് എതിർപ്പായിരുന്നു.

Latest