National
സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്ക്; നിര്‍ദേശം നൽകി ഡൽഹി സർക്കാർ

ന്യൂഡൽഹി| കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം കിടക്കകൾ കൊവിഡ് 19 രോഗികൾക്കായി നൽകാൻ ഡൽഹി സർക്കാർ ഉത്തരവിട്ടു. കിടക്കകളുടെ പുതുക്കിയ വിഹിതം അനുസരിച്ച് കൊവിഡ് -19 രോഗികളെ പ്രവേശിപ്പിക്കാനും ദില്ലി കൊറോണ ആപ്ലിക്കേഷൻ ഉടൻ അപ്ഡേറ്റ് ചെയ്യാനും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി വിക്രം ദേവ് ദത്ത് ചൊവ്വാഴ്ച ആശുപത്രികൾക്ക് നിർദ്ദേശം നൽകി.
അപ്പോളോ, ഫോർട്ടിസ്, മാക്‌സ്, ഹോളി ഫാമിലി, ബാത്ര, മാതാ ചനൻ ദേവി, ബി എൽ കെ എന്നീ ആശുപത്രികൾക്കാണ് നിർദ്ദേശം നൽകിയത്. ആശുപത്രികളിൽ നിലവിൽ 8,821 ആശുപത്രി കിടക്കകളും 582 ഐസിയു കിടക്കകളും 468 വെന്റിലേറ്റർ കിടക്കകളും ഉണ്ടെന്ന് ഡൽഹി സർക്കാർ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ അറിയിച്ചു. കൂടാതെ സർക്കാർ ആശുപത്രികളിലെ 500 അധിക കിടക്കകളും കോവിഡ് -19 രോഗികൾക്കായി നീക്കിവെച്ചിട്ടുണ്ട്.
കൊവിഡ് 19 കേസുകൾ ഇനിയും വർദ്ധിക്കുകയാണെങ്കിൽ ജൂലൈ അവസാനത്തോടെ ഡൽഹിയിൽ കുറഞ്ഞത് 80,000 കിടക്കകൾ ആവശ്യമാണെന്ന് ബൈജാൽ പറഞ്ഞു.