സൈബർ ആക്രമണം: ഇന്ത്യ ഉൾപ്പെടെ മൂന്ന് രാജ്യങ്ങളിലെ ഹോണ്ട പ്ലാന്റുകൾ പ്രവർത്തനം നിർത്തി

Posted on: June 10, 2020 11:18 am | Last updated: July 4, 2020 at 11:41 am

ന്യൂഡൽഹി| ലോകമെമ്പാടുമുള്ള നിരവധി ഫാക്ടറികളെ ബാധിച്ച സൈബർ ആക്രമണത്തിൽ നിന്ന് കരകയറാൻ ജാപ്പനീസ് കാർ നിർമാതാവ് പോരാടുമ്പോൾ ഇന്ത്യ, തുർക്കി, ബ്രസീൽ എന്നീ രാജ്യങ്ങളിലെ ഹോണ്ട പ്ലാന്റുകളുടെ പ്രവർത്തനം നിർത്തിവച്ചു. ആഴ്ചയുടെ തുടക്കത്തിൽ ഹോണ്ടയുടെ ഇന്റേണൽ സെർവറുകളെ ലക്ഷ്യമാക്കി കമ്പനിയുടെ സിസ്റ്റങ്ങളിലൂടെ വൈറസ് പടർത്തുകയായിരുന്നുവെന്ന് സൈബർ അധികൃതർ ബുധനാഴ്ച പറഞ്ഞു.

ആക്രമണത്തെത്തുടർന്ന് തുർക്കിയിലെ നാല് വീൽ വെഹിക്കിൾ പ്ലാന്റും ഇന്ത്യയിലെയും ബ്രസീലിലെയും മോട്ടോർ സൈക്കിൾ പ്ലാന്റുകളും പ്രവർത്തനരഹിതമായിരുന്നു. നിലവിൽ യു എസിലെ അഞ്ചെണ്ണം ഉൾപ്പെടെ, സൈബർ ആക്രമണം 11 ഹോണ്ട പ്ലാന്റുകളെ ബാധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊറോണ വൈറസ് മഹാമാരി കാരണം ഹോണ്ട ഉൾപ്പെടെയുള്ള ആഗോള വാഹന നിർമാതാക്കൾ വിൽപ്പനയിൽ കനത്ത ഇടിവ് നേരിട്ടിരുന്നു. കഴിഞ്ഞ മാസം ഹോണ്ടയുടെ വിൽപനയിൽ 25.3 ശതമാനം ഇടിവ് രേഖപ്പെടുത്തി.