National
അസം എണ്ണക്കിണർ തീപിടുത്തം: കാണാതായ രണ്ട് അഗ്നിശമനസേനാംഗങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തി

ഗുവാഹത്തി | അസമിൽ ഇന്നലെ തീപിടുത്തമുണ്ടായ എണ്ണക്കിണറിനടുത്ത് നിന്ന് കാണാതായ രണ്ട് അഗ്നിശമനസേനാംഗങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ടിൻസൂകിയ ജില്ലയിൽ ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ പ്രകൃതിവാതക ഉത്പാദക കേന്ദ്രത്തിന്റെ എണ്ണക്കിണറിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ കഴിഞ്ഞ രണ്ടാഴ്ചയായി വാതക ചോർച്ച ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
ഇന്നലെ തീ അണക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കെയാണ് ഇവരെ കാണാതായത്. സംസഥാന സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നെത്തിയ ഇന്ത്യൻ വ്യോമസേനയും സൈന്യവും ഇപ്പോഴും തീ അണക്കൽ ശ്രമം തുടരുകയാണ്. പ്രദേശം ഇപ്പോൾ പൂർണമായും സൈനികനിയന്ത്രണത്തിലാണ്. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ലെന്ന് ഇവർ അറിയിച്ചു.
സംഭവസ്ഥലത്തിന് ചുറ്റും ആളുകൾ പ്രതിഷേധമാരംഭിച്ചിട്ടുണ്ട്. അതേസമയം, വാതക ചോർച്ച ആരംഭിച്ചപ്പോൾ തന്നെ ദേശീയ ദുരന്ത നിരവാരണ സേനയുടെ സംഘം സ്ഥലത്ത് എത്തിയിരുന്നെന്നും സിംഗപ്പൂരിൽ നിന്നുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിരുന്നതായും കമ്പനിയുടെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതിനിടെയാണ് തീപിടുത്തമുണ്ടായത്.
ഗ്യാസ് ചോർച്ചയെ തുടർന്നുണ്ടായ മലിനീകരണം അടുത്ത ഗ്രാമങ്ങളിലെ നെൽവയലുകൾ, കുളങ്ങൾ, തണ്ണീർത്തടങ്ങൾ എന്നിവയെ ബാധിച്ചിട്ടുണ്ട്. പ്രദേശത്തെ തേയിലത്തോട്ടങ്ങളിലും ഘനീഭവിച്ച വാതക കണികകൾ വ്യാപിച്ച് കിടക്കുന്നത് ശ്രദ്ധയിൽപെട്ടതായി തൊഴിലാളികൾ പറയുന്നു.
വാതക ചോർച്ചയെ തുടർന്ന് എണ്ണക്കിണറിന്റെ 1.5 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന 6,000 പേരെദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഓയിൽ ഇന്ത്യ ലിമിറ്റഡ് ദുരിതബാധിത കുടുംബങ്ങൾക്ക് 30,000 രൂപ വീതം സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു.