Connect with us

Articles

കൊവിഡ് അത്രമേല്‍ ഭരണകൂടത്തെ കാത്തു

Published

|

Last Updated

കൊവിഡ് 19ന്റെ വ്യാപനവും അത് തടയാന്‍ പ്രഖ്യാപിച്ച, ഏതാണ്ട് പരാജയപ്പെട്ട, രാജ്യം അടച്ചിടലും ഏകാധിപത്യത്തിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ഭരണകൂടത്തിന് വലിയ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. അത് ആവോളം പ്രയോജനപ്പെടുത്തുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ എന്ന് നിസ്സംശയം പറയാം. മുന്നൊരുക്കങ്ങള്‍ക്കൊന്നും സമയം അനുവദിക്കാതെ രാജ്യം അടച്ചിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചപ്പോള്‍ പൗരത്വ നിയമ ഭേദഗതിയില്‍ രാജ്യത്തുയര്‍ന്ന വലിയ പ്രതിഷേധം ഞെരിഞ്ഞമര്‍ന്നു. രോഗ വ്യാപനത്തിന്റെ തോത് ഏറെ കുറഞ്ഞിരുന്ന കാലത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ തുടങ്ങുമ്പോള്‍ കൊവിഡ് കണക്കില്‍ ലോകത്ത് മുന്‍നിരയിലാണ് ഇന്ത്യയുടെ സ്ഥാനം. മുന്നൊരുക്കങ്ങളില്ലാതെ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ വലഞ്ഞ കോടിക്കണക്കിനാളുകള്‍ തെരുവിലേക്കിറങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ടത് രോഗ വ്യാപനത്തിന് വലിയൊരളവില്‍ വഴിതുറന്നിട്ടുണ്ട്. അത്തരമൊരു സാഹചര്യം സംജാതമാകുമെന്ന് അറിയാതെ പ്രഖ്യാപിച്ചതാണ് ലോക്ക്ഡൗണ്‍ എന്ന് കരുതുകവയ്യ. കാരണം, അപ്പോഴേക്കും ലോകത്ത് പല രാജ്യങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും മുന്നൊരുക്കങ്ങളില്ലാതെ പ്രഖ്യാപിച്ചതിന്റെ ദുരനുഭവം ചില പ്രദേശങ്ങളെങ്കിലും അനുഭവിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ പിന്നെ പൗരത്വ നിയമ ഭേദഗതിയിലുയര്‍ന്ന പ്രതിഷേധത്തെ ഇല്ലാതാക്കാനും ആ പ്രതിഷേധത്തെ നേരിട്ട രീതിയും ഡല്‍ഹിയില്‍ സംഘടിപ്പിച്ച കലാപവും അന്താരാഷ്ട്ര തലത്തിലുണ്ടാക്കിയ പ്രതിച്ഛായാ നഷ്ടം പരിഹരിക്കാനുമല്ലാതെ മറ്റൊന്നും പൊടുന്നനെയുള്ള ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന് പിറകില്‍ ഉണ്ടാകാന്‍ ഇടയില്ല.

കൊവിഡ് വ്യാപനത്തിന് മുമ്പേ തന്നെ മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. അതിനെ മറികടക്കേണ്ടത് എങ്ങനെ എന്നതില്‍ വ്യക്തതയില്ലാതെ ഉഴറുകയായിരുന്നു ഭരണകൂടം. അതിന്റെ സൂചന 2019 – 20 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തെ കണക്കുകളിലുണ്ട്. 2020 ജനുവരി മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൈവരിച്ച വളര്‍ച്ച കേവലം 3.1 ശതമാനം മാത്രമാണ്. 2020 മാര്‍ച്ച് 24നാണ് രാജ്യം സമ്പൂര്‍ണമായി അടച്ചിടുകയാണെന്ന് പ്രഖ്യാപിച്ചത്. അതുകൊണ്ട് ലോക്ക്ഡൗണ്‍ മൂലമുള്ള ഉത്പാദന നഷ്ടം വലിയ തോതില്‍ ഉണ്ടായിട്ടില്ല. എന്നിട്ടും വളര്‍ച്ചാ നിരക്ക് 3.1 ശതമാനത്തിലേക്ക് താഴ്ന്നുവെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തികാരോഗ്യം അത്രമേല്‍ തകര്‍ന്നിരുന്നുവെന്നാണ് അര്‍ഥം. 2019 – 20 സാമ്പത്തിക വര്‍ഷത്തിലെ ആകെ വളര്‍ച്ചാ നിരക്ക് 4.2 ശതമാനത്തിലേക്കും താഴ്ന്നു. പതിനൊന്ന് വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്ക്. ഇത്തരമൊരു അവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ചതിന്റെ ഉത്തരവാദിത്വം മുഴുവന്‍ കൊറോണ വൈറസിന്റെ മുകളില്‍ കെട്ടിവെച്ച് കൈ കഴുകി, അകലം പാലിച്ച് നില്‍ക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാറിന് കഴിയുന്നു. ഇതിലും വലിയ എന്ത് സൗകര്യമാണ് ഒരു സൂക്ഷ്മാണു ഈ ഭരണകൂടത്തിന് ചെയ്തുകൊടുക്കേണ്ടത്!
നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനമേറ്റ 2014 മുതലിങ്ങോട്ട് ഒരു സാമ്പത്തിക വര്‍ഷത്തിലും ധനക്കമ്മി പരിധിക്കുള്ളില്‍ നിന്നിട്ടേയില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും സ്ഥിതി ഭിന്നമായിരുന്നില്ല. ജി ഡി പിയുടെ മൂന്നര ശതമാനമായി പരിമിതപ്പെടുത്തിയ കമ്മി 4.6 ശതമാനമായെന്നാണ് പ്രാഥമിക കണക്ക്. അവസാന കണക്കില്‍ ഇത് ഉയരാനേ തരമുള്ളൂ. കൊവിഡ് കാലം, ധനക്കമ്മി പിടിച്ചുനിര്‍ത്താനുള്ള അവസരമായിക്കൂടി നരേന്ദ്ര മോദി സര്‍ക്കാര്‍ ഉപയോഗിക്കുകയാണോ എന്ന് സംശയിക്കണം. വരുന്ന ഒമ്പത് മാസത്തേക്ക് (നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കും വരെ) പുതിയ പദ്ധതികള്‍ക്കൊന്നും അനുമതിയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ള പദ്ധതികള്‍ തുടരാനുള്ള പണം മാത്രമേ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവിടൂ. പിന്നെയുള്ളത് 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് മാത്രം. ആ പാക്കേജില്‍ തന്നെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നുണ്ടാകുന്ന ചെലവ് ഒന്നര ലക്ഷം മുതല്‍ മൂന്നര ലക്ഷം വരെ കോടി രൂപ മാത്രമാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ബാക്കിയൊക്കെ സംരംഭകര്‍ക്കും വ്യക്തികള്‍ക്കുമെടുക്കാവുന്ന വായ്പകള്‍ക്ക് നീക്കിവെച്ചതും നേരത്തേ ബജറ്റില്‍ പ്രഖ്യാപിച്ചവയുടെ വിതരണവും മാത്രമാണ്.

കൊവിഡും അതിനെ പ്രതിരോധിക്കാനുള്ള ലോക്ക്ഡൗണും സൃഷ്ടിച്ച അതി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ ചെറുതായെങ്കിലും മറികടക്കണമെങ്കില്‍ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുക മാത്രമാണ് വഴിയെന്നാണ് കമ്പോള സമ്പദ് വ്യവസ്ഥയുടെ വക്താക്കളായ സാമ്പത്തിക വിദഗ്ധര്‍ പോലും പറയുന്നത്. അതിന് പാകത്തില്‍ ഉത്തേജന പാക്കേജുകള്‍ തയ്യാറാക്കിയിരിക്കുന്നു അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍. അപ്പോഴാണ് നമ്മുടെ ഭരണകൂടം, വായ്പയിലധിഷ്ഠിതമായ പാക്കേജ് പ്രഖ്യാപിച്ച്, പുതിയ പദ്ധതികളൊക്കെ വെട്ടിച്ചുരുക്കി എല്ലാറ്റിന്റെയും ഉത്തരവാദിത്വം കൊറോണയിലര്‍പ്പിച്ച് കൈ കഴുകുന്നത്.
കൊറോണ വ്യാപനം തടയുന്നതിനായി വലിയ തോതില്‍ പണം ചെലവഴിക്കേണ്ടി വരുന്നതുകൊണ്ടും രാജ്യം അടച്ചിട്ടതോടെ വരുമാനം ഇടിഞ്ഞതുകൊണ്ടും പുതിയ പദ്ധതികള്‍ക്കായി നല്‍കാന്‍ പണമുണ്ടാകില്ലെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണമായും നടത്തുന്നത് സംസ്ഥാന സര്‍ക്കാറുകളാണ്. രാജ്യം അടച്ചിടുക, അടച്ചതില്‍ ചില ഇളവുകള്‍ പ്രഖ്യാപിക്കുക, ഇതല്ലാത്ത ഇളവുകള്‍ നല്‍കിയാല്‍ മൂക്കുചെത്തുമെന്ന് സംസ്ഥാനങ്ങളെ ഭീഷണിപ്പെടുത്തുക, ഇവ്വകയൊക്കെ ലോകത്തിനാകെ മാതൃകയായെന്ന് ആവര്‍ത്തിക്കുക എന്നിങ്ങനെ നയാപൈസ ചെലവില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഇതുവരെ നരേന്ദ്ര മോദി സര്‍ക്കാര്‍ മുഖ്യമായും നടത്തിയത്. സൗജന്യ റേഷന്‍, സൗജന്യ പാചക വാതക സിലിന്‍ഡര്‍, ജന്‍ധന്‍ അക്കൗണ്ടിലേക്ക് 500 രൂപ, ചെറുകിട കമ്പനികളിലെ തൊഴിലാളികളുടെ ഇ പി എഫ് വിഹിതം എന്നിവ മറക്കുന്നില്ല. ഇതെല്ലാം ചേര്‍ത്താലും ഒരു ലക്ഷം കോടി തികയില്ല. അതേസമയം, പ്രതിരോധ പ്രവര്‍ത്തനം മുഴുവന്‍ ഏറ്റെടുത്ത സംസ്ഥാനങ്ങള്‍ക്ക് ധനസഹായമൊന്നും അനുവദിച്ചില്ല. ദുരിത നിവാരണത്തിന് വര്‍ഷാവര്‍ഷം നീക്കിവെക്കുന്ന വിഹിതം അല്‍പ്പം നേരത്തേ അനുവദിച്ചുവെന്നതൊഴിച്ചാല്‍. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞപ്പോള്‍ അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാതെ, നികുതി വര്‍ധിപ്പിച്ച് കേന്ദ്ര ഖജനാവിലേക്ക് മുതല്‍ക്കൂട്ടുകയും ചെയ്തു. എന്നിട്ടും കടമെടുപ്പ് കുറക്കാനായിട്ടില്ല. 2020 – 21 സാമ്പത്തിക വര്‍ഷത്തില്‍ വരുത്താവുന്ന ധനക്കമ്മിയുടെ മൂന്നിലൊന്ന് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ തന്നെ (2020 ഏപ്രില്‍) നിലവിലായിക്കഴിഞ്ഞു.

വസ്തുതകള്‍ ഇതായിരിക്കെ, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പുതിയ പദ്ധതികളൊന്നും ഏറ്റെടുക്കുന്നില്ല എന്ന പ്രഖ്യാപനം കേന്ദ്ര ഖജനാവ് അത്രയും ദരിദ്രമാണ് എന്നാണ് സൂചിപ്പിക്കുന്നത്. അത് മറച്ചുവെക്കാന്‍ കൊവിഡിനെ ഉപയോഗിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. ഒപ്പം ധനക്കമ്മി പിടിച്ചുനിര്‍ത്താനാകുമോ എന്ന് പരിശോധിക്കുകയും. പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനാകില്ല എന്ന് മാത്രമല്ല, നിലവിലുള്ള പദ്ധതികള്‍ തുടരാനുള്ള പണം അനുവദിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാറിന് സാധിക്കില്ല. സാമ്പത്തിക പാക്കേജിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിലേക്ക് അധികമായി അനുവദിച്ച 40,000 കോടി രൂപ പോലും അനുവദിക്കാന്‍ ഒരുപക്ഷേ സര്‍ക്കാര്‍ തയ്യാറായേക്കില്ല. കൊവിഡ് വ്യാപനം നിലനില്‍ക്കുവോളം കാലം തൊഴിലുറപ്പ് പദ്ധതി പൂര്‍ണതോതില്‍ പുനരാരംഭിക്കാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ കൂടുതല്‍ തുക അനുവദിക്കേണ്ടി വരില്ലെന്ന് കേന്ദ്രം കണക്കുകൂട്ടുന്നുണ്ടാകണം. വെറുമൊരു പ്രഖ്യാപനം നടത്തി ജനത്തെ കബളിപ്പിക്കുക എന്ന തന്ത്രം ഫലപ്രദമായി നടപ്പാക്കുകയുമാകാം.

വിപണിയിലേക്കുള്ള പണമൊഴുക്ക് നിലവില്‍ തന്നെ വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. അതിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സാമ്പത്തികമായി തീരെ പിന്നാക്കം നില്‍ക്കുന്നവരാണ്. അവരുടെ പക്കലേക്ക് പണമെത്താത്ത അവസ്ഥ കൂടുതല്‍ കാലത്തേക്കുണ്ടാകുമെന്നതാണ് കേന്ദ്രം പുതിയ പദ്ധതികള്‍ വേണ്ടെന്നുവെക്കുമ്പോള്‍ സംഭവിക്കുക. അത്തരമാളുകളുടെ കൈവശം പണമില്ലാതായാല്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ കെട്ടിക്കിടക്കും. അത്തരം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ചെറുകിട – ഇടത്തരം സ്ഥാപനങ്ങളൊക്കെ പൂട്ടേണ്ടിയും വരും. അങ്ങനെ പൂട്ടേണ്ടിവന്നാല്‍ കൂടുതല്‍ പേര്‍ തൊഴില്‍രഹിതരാകും. കേന്ദ്ര ഖജനാവില്‍ കണക്കൊപ്പിക്കാനുദ്ദേശിച്ച് പദ്ധതികള്‍ വേണ്ടെന്നുവെക്കുമ്പോള്‍ പട്ടിണിയിലാകാന്‍ പോകുന്ന കോടിക്കണക്കിനാളുകളെ നരേന്ദ്ര മോദി സര്‍ക്കാര്‍ കാണുന്നതേയില്ല. അര്‍ഹതയുള്ളവര്‍ അതിജീവിച്ചാല്‍ മതിയെന്ന ഫാസിസ്റ്റ് തത്വം മറ്റൊരു വിധത്തില്‍ കൂടി നടപ്പാക്കാന്‍ ഭരണകൂടത്തിന് അവസരം നല്‍കുകയാണ് കൊവിഡ് കാലം. ഇതിനകം നല്‍കിയ സൗകര്യങ്ങള്‍ക്ക് പുറമെയാണിത്. കൊറോണ സൃഷ്ടിച്ച പ്രതിസന്ധി ഇവര്‍ക്ക് അവസരമല്ല, മറിച്ച് ആയുധമാണ്.

രാജീവ് ശങ്കരന്‍

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest