Connect with us

Kerala

പത്തനംതിട്ടയില്‍ തൊഴിലാളിയെ കൊന്നെന്ന് സംശയിക്കുന്ന കടുവ ചത്തു

Published

|

Last Updated

ജനവാസ കേന്ദ്രത്തിന് സമീപം കടുവ ചത്ത നിലയില്‍

പത്തനംതിട്ട | തണ്ണിത്തോട് മേടപ്പാറയില്‍ ടാപിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയതെന്ന് കരുതുന്ന കടുവ ചത്തു. വടശേരിക്കര മണിയാറിന് സമീപം അരീക്കക്കാവ് ഇഞ്ചപൊയ്ക ഭാഗത്തെ ജനവാസകേന്ദ്രത്തിലാണ് രാത്രി 7.30 ഓടെ കടുവയെ അവസാനമായി അവശ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനപാലകരെത്തി അരമണിക്കൂറിനുള്ളില്‍ ചത്തു.

കഴിഞ്ഞ മേയ് ഏഴിന് പുലര്‍ച്ചെ തണ്ണിത്തോട് മണ്‍പിലാവ് ഭാഗത്ത് പ്ലാന്റേഷന്‍ കോര്‍പറേഷന്റെ റബര്‍ തോട്ടത്തില്‍ ടാപ്പിംഗ് നടത്തിക്കൊണ്ടിരുന്ന കട്ടപ്പന കഞ്ഞിക്കുഴി സ്വദേശി ബിനീഷ് മാത്യു (27)വിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. ഇതിനുശേഷം തണ്ണിത്തോട്, വടശേരിക്കര, പേഴുംപാറ, മണിയാര്‍ ഭാഗങ്ങളില്‍ വിവിധ ദിവസങ്ങളിലായി കടുവ ഭീഷണിയുയര്‍ത്തി.

ജനവാസകേന്ദ്രങ്ങളില്‍ പലയിടത്തും കടുവയെ കണ്ടിരുന്നു. വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്നു. കടുവയെ പിടികൂടുന്നതിനായി റാന്നി വനമേഖലയിലെ പലഭാഗങ്ങളിലും കൂടുകള്‍ സ്ഥാപിച്ചിരുന്നു. ഇതോടൊപ്പം വനംവകുപ്പിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ച് കുംകി ആനയുടെ സഹായത്തോടെ വനമേഖലയില്‍ തിരച്ചില്‍ നടത്തിയിരുന്നു.

ഒരാഴ്ചയോളമായി കടുവയെ പുറത്തേക്ക് കാണാതിരുന്നതിനാല്‍ ഇത് കാട്ടിലേക്ക് മടങ്ങിയിരിക്കുമെന്നു കരുതി. തുടര്‍ന്നാണ് ഇന്നലെ രാത്രി കടുവയെ ഇഞ്ചപൊയ്ക ഭാഗത്ത് കണ്ടെത്തിയത്. ഭക്ഷണം ലഭിക്കാത്തതിനാലാണ് കടുവ അവശനിലയിലായതെന്നു കരുതുന്നു. റാന്നി ഡി എഫ് ഒ അടക്കമുള്ള വനപാലകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്