Connect with us

Business

കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് കോക്കോണിക്‌സ് വിപണിയില്‍

Published

|

Last Updated

കോഴിക്കോട്  |കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ബ്രാന്‍ഡായ കോക്കോണിക്‌സ് ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങി. ഇ കോമേഴ്‌സ് വില്‍പന ശൃംഖലയായ ആമസോണിലാണ് ഉല്‍പ്പന്നം വില്പനക്കെത്തിയിരിക്കുന്നത്. കോക്കോണിക്‌സിന്റെ രണ്ട് മോഡലുകളാണ് ആമസോണില്‍ ഉള്ളത്. ആകെ 8 മോഡലുകളാണ് കോക്കോണിസ് പുറത്തിറക്കിയിരിക്കുന്നത്.

കോക്കോണിക്‌സ് എനാബഌ സി1314 ആണ് ആമസോണിലുള്ള ഒരു മോഡല്‍. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന ഈ ലാപ്‌ടോപ്പിന് 8 ജിബി റാമും 1 ടിബി ഹാര്‍ഡ് ഡിസ്‌കും കരുത്തു പകരുന്നു. ഇന്റല്‍ ഡ്യുവല്‍ കോര്‍ ഐ3 ആണ് പ്രൊസസര്‍. 29250 രൂപയാണ് വില. കോക്കോണിക്‌സ് എനാബഌ സി1314 ഡബ്ല്യു ആണ് മറ്റൊരു മോഡല്‍. എനാബഌ സി1314ല്‍ നിന്ന് ചില വ്യത്യാസങ്ങള്‍ ഈ മോഡലിനുണ്ട്. ഇത് പ്രവര്‍ത്തിക്കുന്നത് വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. ഡെഡിക്കേറ്റഡ് ഗ്രാഫിക്‌സ് കാര്‍ഡ് ഉള്‍പ്പെടുത്തിയ മോഡലാണ് ഇത്. 35680 രൂപയാണ് വില. മറ്റ് 6 മോഡലുകള്‍ കൂടി കോക്കോണിക്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉണ്ട്. ഇത് ഇപ്പോള്‍ പ്രീ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും.

ഇന്റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്‌സിലറോണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പ്, കെഎസ്‌ഐഡിസി തുടങ്ങിയ സ്ഥാപനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് കൊക്കോണിക്‌സ് നിര്‍മ്മിക്കുന്നത്.

കെല്‍ട്രോണിന്റെ തിരുവനന്തപുരം മണ്‍വിളയിലുള്ള പഴയ പ്രിന്റഡ് സര്‍ക്യൂട്ട് നിര്‍മാണശാലയാണ് കൊക്കോണിക്‌സിന് കൈമാറിയത്. ബഹുരാഷ്ട്ര കമ്പനികളുടെ ലാപ്‌ടോപ്പിനെക്കാള്‍ വിലകുറവാണെന്നതാണ് കോക്കോണിക്‌സിന്റെ നേട്ടം. ഈ വര്‍ഷം രണ്ടര ലക്ഷം ലാപ്‌ടോപ്പ് നിര്‍മിക്കുകയാണ് കോക്കോണിക്‌സിന്റെ ലക്ഷ്യം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ഇതിനകം കോക്കോണിക്‌സ് ലാപ്‌ടോപ്പ് കൈമാറിയിട്ടുണ്ട്.