Connect with us

International

ടെസ്റ്റ് ക്രിക്കറ്റില്‍ കൊവിഡ് സബ്സ്റ്റിറ്റിയൂട്ടുകള്‍, സാല്‍വിയക്ക് നിരോധനം; പരിഷ്‌ക്കരണ നടപടികളുമായി ഐ സി സി

Published

|

Last Updated

ദുബൈ | ടെസ്റ്റ് ക്രിക്കറ്റില്‍ കൊവിഡ് സബ്സ്റ്റിറ്റിയൂട്ടുകളെ അനുവദിക്കുന്നതിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ സി സി) അനുമതി. മത്സരത്തിനിടെ താരങ്ങള്‍ക്ക് കൊവിഡ് സ്വീകരിക്കുന്ന സാഹചര്യത്തിലാണ് പകരക്കാരനെ അനുവദിക്കുക. പന്ത് മിനുക്കുന്നതിന് സലിവ ഉപയോഗിക്കുന്നതിനും ഐ സി സി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര പരമ്പരകളില്‍ ആഭ്യന്തര അംപയര്‍മാരെ അനുവദിക്കുക, മത്സരത്തിന്റെ ഓരോ ഇന്നിംഗ്‌സിലും ഓരോ ടീമിനും ഒരു ഡി ആര്‍ എസ് അവലോകനം കൂടുതലായി അനുവദിക്കുക തുടങ്ങിയ തീരുമാനങ്ങളും ഐ സി സി കൈക്കൊണ്ടിട്ടുണ്ട്. ഇതിനു പുറമെ, താരങ്ങളുടെ ജഴ്‌സിയില്‍ ബ്രാന്‍ഡ് ലോഗോകള്‍ പതിക്കുന്നതിനുള്ള നിബന്ധനകളില്‍ ഇളവും പ്രഖ്യാപിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ അനില്‍ കുംബ്ലെ അധ്യക്ഷനായ ഐ സി സിയുടെ ക്രിക്കറ്റ് കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ചീഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി (സി ഇ സി) അംഗീകരിക്കുകയായിരുന്നു.

ടെസ്റ്റ് മത്സരങ്ങള്‍ അഞ്ചു ദിവസം നീണ്ടുനില്‍ക്കുമെന്നതിനാല്‍ ഓരോ ദിവസവും കൊവിഡ് പരിശോധന ആവശ്യമായി വരും. ഇതിനിടെ കൊവിഡ് സ്ഥിരീകരിച്ചാലാണ് പകരക്കാരനെ അനുവദിക്കുക. മത്സരത്തിനിടെ താരത്തിന് പരുക്കേറ്റാല്‍ പകരം കളിക്കാരനെ അനുവദിക്കുന്ന കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന് സമാനമാണ് കൊവിഡ് സബ്സ്റ്റിറ്റിയൂഷന്‍.
പന്ത് മിനുക്കാന്‍ സലൈവ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ ഒരു ടീമിന് അംപയര്‍ രണ്ടു തവണ താക്കീത് നല്‍കും. ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴയായി അഞ്ച് അധിക റണ്‍ ബാറ്റിംഗ് സൈഡിന് നല്‍കും. മാത്രമല്ല, സലൈവ പുരട്ടിയ പന്ത് തുടച്ച് വൃത്തിയാക്കിയ ശേഷം മാത്രമെ കളി പുനരാരംഭിക്കാന്‍ അംപയര്‍മാര്‍ അനുവാദം നല്‍കാവൂ.

കൊവിഡ് സാഹചര്യത്തില്‍ അധികവും പരിചയ സമ്പത്ത് കുറഞ്ഞ അംപയര്‍മാരാകും മൈതാനത്തുണ്ടാവുക എന്നത് കണക്കിലെടുത്താണ് ഒരു ഡി ആര്‍ എസ് അധികം നല്‍കാന്‍ തീരുമാനിച്ചത്. ടെസ്റ്റ് മത്സര ജേഴ്‌സിയില്‍ നിലവില്‍ അനുവദനീയമായ മൂന്നു ലോഗോകള്‍ക്കു പുറമെ, ഹൃദയ ഭാഗത്തായി 32 സ്‌ക്വയര്‍ ഇഞ്ചില്‍ കുറയാത്ത ലോഗോയും വെക്കാവുന്നതാണ്. ഇതുവരെ ഏകദിനങ്ങളിലും ടി ട്വന്റിയിലും മാത്രമാണ് ജേഴ്‌സിയുടെ ഹൃദയഭാഗത്ത് ലോഗോ അനുവദിച്ചിരുന്നത്.

Latest