Connect with us

Education

സ്‌കൂള്‍ പാഠ്യപദ്ധതിയും പ്രവര്‍ത്തിസമയവും ചുരുക്കുന്നു; സിബിഎസ്ഇ സിലബസ് ഒരു മാസത്തിനകം

Published

|

Last Updated

ചിത്രം പ്രതീകാത്മകം

ന്യൂഡല്‍ഹി | സ്‌കൂള്‍ പാഠ്യപദ്ധതിയും പ്രവര്‍ത്തിസമയവും ചുരുക്കുവാന്‍ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് അക്കാഡമിക രംഗത്ത് ഉണ്ടാകുന്ന സമയനഷ്ടം കണക്കിലെടുത്താണ് നടപടി. ഇതുസംബന്ധിച്ച് മന്ത്രാലയം വിവിധ കേന്ദ്രങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിട്ടുണ്ട്.

നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്തും മാതാപിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നുമുള്ള നിര്‍ദേശങ്ങള്‍ പരിഗണിച്ചും വരുന്ന അധ്യയന വര്‍ഷത്തേക്കുള്ള പാഠ്യപദ്ധതിയും ക്ലാസ് സമയവും കുറയ്ക്കുന്നത് സംബന്ധിച്ച് തങ്ങള്‍ ആലോചിക്കുന്നതായി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി രമേശ് പൊക്രിയാല്‍ നിശാങ്ക് ട്വീറ്റ് ചെയ്തു. ഇതുസംബന്ധിച്ച അഭിപ്രായങ്ങള്‍ #SyllabusForStudents2020 എന്ന ഹാഷ് ടാഗോടു കൂടി തന്റെയോ എച്ച് ആര്‍ ഡി മന്ത്രാലയത്തിന്റെയോ ട്വിറ്റര്‍, ഫേസ്ബുക്ക് പേജുകളില്‍ ഷെയര്‍ ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

അതേസമയം, കോവിഡ് 19 പാന്‍ഡെമിക് മൂലമുണ്ടായ അക്കാദമിക് നഷ്ടം പരിഹരിക്കുവാന്‍ പാഠ്യപദ്ധതി യുക്തിസഹമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സിബിഎസ്ഇ ആരംഭിച്ചു കഴിഞ്ഞു, ചുരുക്കിയ സിലബസ് ഒരു മാസത്തിനുള്ളില്‍ തയ്യാറാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കൊവിഡ് രോഗബാധയെ തുടര്‍ന്ന് രാജ്യത്തുടനീളം മാര്‍ച്ച് 16 മുതല്‍ സ്‌കൂളുകളും യൂനിവേഴ്‌സിറ്റികളും അടഞ്ഞുകിടക്കുകയാണ്. ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തി സ്‌കൂളുകള്‍ തുറക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും പ്രാവര്‍ത്തികമായിട്ടില്ല.