Connect with us

National

മകളുടെ പീഡനം: വയോധികക്ക് ബോംബെ ഹൈക്കോടതി ഇടപെടലിൽ മോചനം

Published

|

Last Updated

മുംബൈ| മാനസികമായും ശാരീരികമായും മകളുടെ പീഡനത്തിനിരയായി ഗുരുതര പരുക്കേറ്റ 70കാരിയായ വിധവക്ക് ബോംബെ ഹൈക്കോടതിയുടെ ഇടപെടലിൽ മോചനം. തോളെല്ല് തകർന്ന് ഞരമ്പുകൾ പൊട്ടി ഗുരുതര പരുക്കേറ്റ വയോധികയെ ശരിയായ പരിചരണമോ വൈദ്യസഹായമോ ഇല്ലാതെ മകൾ മാസങ്ങളോളം വീട്ടുതടങ്കലിൽ പാർപ്പിക്കുകയായിരുന്നു.

മക്കൾക്ക് മാതാപിതാക്കളെ പരിപാലിക്കാനും സമാധാനത്തോടെ ജീവിക്കാൻ വേണ്ട അന്തരീക്ഷം ഒരുക്കാനും കഴിയുന്നില്ലെങ്കിൽ അവരുടെ ജീവിതം നരകമാക്കി മാറ്റേണ്ടതില്ലെന്ന് ജസ്റ്റിസ് എസ് ജെ കാതവല്ല, ജസ്റ്റിസ് സുരേന്ദ്ര തവാഡെ എന്നിവരടങ്ങിയ ബഞ്ച് മകൾക്ക് കർശന നിർദേശം നൽകി.

കൊവിഡ് 19 ലോക്ക്ഡൗൺ കണക്കിലെടുത്ത് വിവാഹമോചിതയായ മകളെയും അവരുടെ മകനെയും മുംബൈയിലെ ലോഖന്ദ്വാല കോംപ്ലക്‌സിലെ ഫ്ലാറ്റിൽ നിന്ന് പുറത്താക്കുന്നത് ബഞ്ച് താത്കാലികമായി തടഞ്ഞു. വയോധികയെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കുകയോ ബന്ധുക്കൾ ഫ്‌ലാറ്റിൽ പ്രവേശിക്കുന്നത് വിലക്കുകയോ ചെയ്താൽ ഉടൻ തന്നെ പുറത്താക്കുമെന്ന് മകൾക്കും മകനും കോടതി മുന്നറിയിപ്പ് നൽകി.

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലന-ക്ഷേമത്തിനായി 2007ൽ രൂപവത്കരിച്ച ട്രൈബ്യൂണലിന് വൈറസ് വ്യാപനത്തിനിടെ അപേക്ഷ സ്വീകരിക്കാൻ കഴിയാത്തതിനെ തുടർന്നാണ് വയോധിക മകളെയും പേരക്കുട്ടിയെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

Latest