National
ചൈനീസ് സൈന്യവുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യ സേന ഒരുങ്ങുന്നു

ന്യൂഡല്‍ഹി| കിഴക്കന്‍ ലഡാക്കില്‍ നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിനായി അടുത്ത കുറച്ച് ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ സൈന്യം ചൈനയുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുന്നു. ലേയിലെ ചുഷൂലില്‍ ഇപ്പോള്‍ ചര്‍ച്ചക്കായി സൈന്യം തയ്യാറെടുപ്പിലാണ്. സൈനികാംഗങ്ങള്‍ ചുഷൂളില്‍ എത്തിയിട്ടുണ്ട്. അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ചര്‍ച്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
രണ്ട് മാസമായി നീണ്ടുനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിനായി കരസേനാ ആസ്ഥാനത്തും നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും നിര്‍ദേശങ്ങള്‍ സൈന്യത്തിന് നല്‍കുന്നുണ്ട്. ശനിയാഴ്ച സൈനിക തലത്തില്‍ ഇന്ത്യയില്‍ നിന്ന് ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലും ചൈനയില്‍ നിന്ന് മേജര്‍ ജനറല്‍ ലിയു ലിന്നിന്റെ നേതൃത്വത്തിലും ഇരു ഭാഗത്ത് നിന്നും ചര്‍ച്ച നടത്തിയിരുന്നു.
ഇരുരാജ്യങ്ങളും തങ്ങളുടെ വാദങ്ങളില്‍ ഉറച്ച് നിന്നതിനാല്‍ ചര്‍ച്ച പരാജയപ്പെട്ടു. പ്രശ്‌ന പരിഹാരത്തിനായി നയതന്ത്ര, സൈനിക തലങ്ങളില്‍ ചര്‍ച്ച തുടരുന്നതിന് ഇരുകൂട്ടരും സമ്മതിച്ചിരുന്നു. ചൈനയുമായുള്ള ചര്‍ച്ച സൈനിക, നയതന്ത തലത്തില്‍ നടത്തുമെന്ന് തിങ്കളാഴ്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു.
കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ചൈനീസ് സൈന്യം നീക്കം നടത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് അവര്‍ അവിടെ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. ഇത് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാകുന്നതിന് കാരണമായി.
ഇന്ത്യയും ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന തര്‍ക്കപ്രദേശങ്ങളില്‍ നിരവധി തവണ ഇരുരാജ്യങ്ങളിലെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയുരുന്നു. ഇരു ഭാഗത്തുള്ള നിരവധി സൈനികര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.