Connect with us

Covid19

ആഗോളതലത്തിൽ കൊറോണ വൈറസ് സാഹചര്യം കൂടുതൽ വഷളാകുന്നു: ലോകാരോഗ്യസംഘടന

Published

|

Last Updated

ജെനീവ | കൊറോണ വൈറസ് എന്ന മഹാമാരി ആഗോളതലത്തിൽ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആളുകളുടെ അലംഭാവത്തിനെതിരെ ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അധാനോം ഘെബ്രിയേസസ് ജനീവയിൽ നടന്ന വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. പ്രതിദിന കണക്കനുസരിച്ച് അമേരിക്കയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടന വീണ്ടും മുന്നറിയിപ്പ് നൽകിയത്.

കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി ഒരു ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് ഇന്നലെ മാത്രം 1,36,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിനകണക്കിൽ ഏറ്റവും കൂടുതൽ കേസുകളാണിത്. കഴിഞ്ഞ ദിവസത്തെ 75 ശതമാനം കേസുകളും ദക്ഷിണേഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ 10 രാജ്യങ്ങിൽ നിന്നാണ്.

കഴിഞ്ഞ ഡിസംബറിൽ ചൈനയിൽ നിന്ന് തുടങ്ങിയ കൊറോണവൈറസ് ലോകത്താകമാനം ഏഴ് ദശലക്ഷത്തിലധികം ആളുകളെ ബാധിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് 4,083,737 പേർക്ക് ജീവൻ നഷ്ടമായി. വൈറസ് പ്രഭവകേന്ദ്രം ഏഷ്യയുടെ കിഴക്കൻ മേഖലകളിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് മാറിയിരുന്നെങ്കിലും നിലവിൽ അമേരിക്ക അതിനെ മറികടന്നിരിക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങളിലെ സ്ഥിതി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണെങ്കിലും ആഗോളതലത്തിൽ ഇത് വഷളായിക്കൊണ്ടിരിക്കുകയാണ്. സ്ഥിതി മെച്ചപ്പെടുന്ന രാജ്യങ്ങളിലെ ഇപ്പോഴത്തെ ഏറ്റവും വലിയ ഭീഷണി ആളുകൾ കാണിക്കുന്ന അലംഭാവമാണെന്നും നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള സമയമായിട്ടില്ലെന്നും ടെഡ്രോസ് അഭിപ്രായപ്പെട്ടു.

മെയ് 25ന് ജോർജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വംശീയ നീതിക്ക് വേണ്ടി അമേരിക്കയിൽ നടക്കുന്ന പ്രതിഷേധങ്ങൾ സുരക്ഷാക്രമീകരണം പാലിച്ചാവണമെന്ന് ഐക്യരാഷ്ട്രസംഘടന നിർദേശിച്ചു. ബഹുജന സമ്മേളനങ്ങൾ നടത്തുമ്പോൾ വൈറസ് വ്യാപനം ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. സമത്വത്തെയും വംശീയതക്കെതിരായ ആഗോള പ്രതിഷേധത്തെയും ലോകാരോഗ്യ സംഘടന പൂർണമായും പിന്തുണക്കുന്നതായും അദ്ദേഹം പറഞ്ഞു.

Latest