Kerala
ദേവികയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഉടന്‍ ആരംഭിക്കും

മലപ്പുറം | വളാഞ്ചേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി തീക്കൊളുത്തി മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഉടന്‍ ആരംഭിക്കും. ഇത് സംബന്ധിച്ചുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി കെ വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക.
കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിക്ടേഴ്‌സ് ചാനല്‍ വഴി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്. ടിവിയോ മൊബൈലോ, ടാബോ അടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ദേവിക മനപ്രയാസം നേരിട്ടിരുന്നതായി കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിലെ സത്യവസ്ഥ വെളിച്ചത്തുകൊണ്ടുവരാനാണ് ക്രൈംബ്രാഞ്ച് അന്വേഷണം.
നേരത്തെ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവി ഡി ജി പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് തിരൂര്‍ഡി വൈ എസ് പി സുരേഷ് ബാബുവില്‍ നിന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.