International
കോളം വിവാദമായി; ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍ പേജ് എഡിറ്റര്‍ രാജിവെച്ചു


ജെയിംസ് ബെന്നറ്റ്
ന്യൂയോര്‍ക്ക് | അമേരിക്കയിലെ പ്രതിഷേധത്തിനെതിരെ സൈന്യത്തെ ഉപയോഗിക്കണമെന്ന് നിര്‍ദേശിക്കുന്ന ഉള്ളടക്കമടങ്ങിയ കോളം പ്രസിദ്ധീകരിച്ചതിന് ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍ പേജ് എഡിറ്റര്‍ ജെയിംസ് ബെന്നറ്റ് രാജിവെച്ചു. റിപബ്ലിക്കന്‍ സെനറ്റര്‍ ടോം കോട്ടന്റെ ലേഖനത്തിലാണ് വര്‍ണവെറിക്കെതിരെയും പോലീസ് ക്രൂരതക്കെതിരെയും വിവേചനത്തിനെതിരെയുമുള്ള പ്രതിഷേധത്തിനെതിരെ സൈന്യത്തെ ഉപയോഗിക്കണമെന്ന ഉള്ളടക്കമുള്ളത്. കഴിഞ്ഞ മൂന്നാം തീയതിയാണ് ലേഖനം പ്രസിദ്ധീകരിച്ചത്.
വന്‍തോതില്‍ സൈന്യത്തെ വിന്യസിക്കുന്നതിലൂടെ സ്ഥിതിഗതികള്‍ സാധാരണനിലയിലാകുമെന്ന് ലേഖനത്തില്‍ പറയുന്നുണ്ട്. പ്രാദേശിക നിയമപാലന സംഘം ഫെഡറല്‍ അതോറ്റിയെ സഹായിക്കുമെന്നത് പഴങ്കഥയാണെന്നും കോട്ടണ്‍ എഴുതി.
ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍ സംഘത്തിലും ലേഖനം വിവാദത്തിന് വഴിവെച്ചു. പ്രതിഷേധക്കാര്‍ക്കെതിരെ നടപടിക്ക് ആഹ്വാനം ചെയ്യുന്ന ലേഖനത്തിലൂടെ റിപ്പോര്‍ട്ടര്‍മാരെയും അപകടത്തിലാക്കിയിരിക്കുകയാണെന്ന് വായനക്കാരും മാധ്യമപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. ആദ്യഘട്ടത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് പബ്ലിഷര്‍ എ ജി സള്‍സ്‌ബെര്‍ജര്‍ കോളം പ്രസിദ്ധീകരിച്ചതിനെ ന്യായീകരിച്ചെങ്കിലും പ്രതിഷേധം കനത്തതോടെ അദ്ദേഹവും നിലപാട് മാറ്റുകയായിരുന്നു.
ബെന്നറ്റിന് പകരം കാതി കിംഗ്‌സ്ബറിയാണ് പുതിയ ഓപണ്‍ പേജ് എഡിറ്റര്‍. 2016 മുതല്‍ എഡിറ്റോറിയല്‍ പേജ് എഡിറ്ററായിരുന്നു ബെന്നറ്റ്.