Connect with us

Covid19

സമൂഹ വ്യാപനം അറിയാന്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്

Published

|

Last Updated

തിരുവനന്തപുരം | കഴിഞ്ഞ മൂന്ന് ദിവസമായി നൂറിലതികം പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന കേരളം രോഗനിര്‍ണയത്തില്‍ പുതിയ തലത്തിലേക്ക് കടക്കുന്നു. സാമൂഹിക വ്യാപനത്തിന്റെ വക്കിലാണ് കേരളമെന്നാണ് ഭരണകൂടവും ആരോഗ്യ വകുപ്പും പറയുന്നത്. ചില ജില്ലകളില്‍ സാമൂഹിക വ്യാപനം സംഭവിച്ച് കഴിഞ്ഞതായി ആരോഗ്യ പ്രവര്‍ത്തകര്‍ രഹസ്യമായി പറയുന്നു. എന്നാല്‍ ഇത് എത്രത്തോളമെന്ന് കണ്ടെത്താനുള്ള റാപ്പിഡ് ആന്റിബോഡി പരിശോധന ഇന്ന് സംസ്ഥാനത്ത് ആരംഭിക്കും. ഒരാഴ്ചകൊണ്ട് 15,000 പരിശോധന നടത്താനാണ് തീരുമാനം.

കൊവിഡ് മൂന്നാംഘട്ടത്തില്‍ രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പി സി ആര്‍ പരിശോധനക്ക് പുറമെ റാപ്പിഡ് ആന്റിബോഡി ടെസ്റ്റും നടത്തുന്നത്. ആദ്യഘട്ടമായി പതിനായിരം കിറ്റുകളാണ് എല്ലാ ജില്ലകളിലുമായി വിതരണം ചെയ്തത്. രോഗികളുടെ എണ്ണം കൂടുതലുളള പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ആയിരം കിറ്റുകള്‍ വീതം ഉപയോഗിക്കും.

മറ്റ് എട്ട് ജില്ലകളില്‍ 500 കിറ്റ് വീതമാണ് ഉപയോഗിക്കുക. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രി ജീവനക്കാര്‍, പോലീസുകാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ആശവര്‍ക്കര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയായിരിക്കും പ്രധാനമായും പരിശോധിക്കുക. ആളുകളുമായി കൂടതല്‍ ഇടപെഴകാന്‍ സാധ്യതയുളള മറ്റ് വിഭാഗക്കാരെയും പരിശോധിക്കും. റാപ്പിഡ് പരിശോധനക്കായി ഒരു ലക്ഷം കിറ്റുകള്‍ക്കാണ് എച്ച് എല്‍ എല്ലിന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഓര്‍ഡര്‍ നല്‍കിയത്.

ആദ്യഘട്ടമായി എത്തിയ പതിനായിരം കിറ്റുകള്‍ക്ക് പുറമേ നാല്‍പതിനായിരം കിറ്റുകള്‍ കൂടി ഉടനെ എത്തും. റാപ്പിഡ് ടെസ്റ്റ് കൂടി വ്യാപകമാകുന്നതോടെ സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ടാകും.

 

Latest