Connect with us

Editorial

യാഥാര്‍ഥ്യമറിയുക; സ്ഥിതി ഗുരുതരമാണ്

Published

|

Last Updated

സംസ്ഥാനം കൊവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ ഏറ്റവും ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ദിനംപ്രതി നൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നു. അതില്‍ ശരാശരി പത്തിലധികം പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗികളായവരാണ്. അക്കൂട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യവും കൂടി വരുന്നു. ഉറവിടമറിയാത്ത രോഗപ്പകര്‍ച്ച നമ്മുടെ സംവിധാനത്തിന്റെ കാര്യക്ഷമതക്ക് നേരെയുള്ള വെല്ലുവിളിയാകുന്ന സ്ഥിതിയുമുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന നമ്മുടെ സഹോദരങ്ങള്‍ രോഗഗ്രസ്തരായാണെത്തുന്നത്. അതിന് അവരെ പഴിച്ചിട്ട് കാര്യമില്ല. അവര്‍ വരുന്നയിടങ്ങളില്‍ രോഗവ്യാപനം അത്രമേല്‍ രൂക്ഷമാണ്. അങ്ങേയറ്റം സൂക്ഷ്മത പുലര്‍ത്തിയിട്ടും അവരെ രോഗം തീണ്ടുകയാണ്. അന്യനാട്ടില്‍ അവര്‍ നിസ്സഹായരും നിരാലംബരുമാണ്. അവരെ സ്വന്തം മണ്ണില്‍ തിരിച്ചെത്തിച്ചേ തീരൂ. ഈ ദൗത്യവുമായി മുന്നോട്ട് പോകുമ്പോള്‍ നേരത്തേയുണ്ടായിരുന്ന സുരക്ഷിത സോണില്‍ നിന്ന് നാം പുറത്ത് കടക്കേണ്ടി വരുമെന്ന് പ്രതീക്ഷിക്കപ്പെട്ടത് തന്നെയാണ്. മിക്കവരും ഉത്തരവാദിത്വത്തോടെ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെങ്കിലും ഏതാനും ചിലരുടെ വീഴ്ച മതിയാകുമല്ലോ കൈവിട്ടുപോകാന്‍. ഇപ്പോഴത്തെ സാഹചര്യം അപ്രതീക്ഷിതമാണെന്നോ പിടിവിട്ട അവസ്ഥയിലെത്തിയെന്നോ പറയാനാകില്ല. എന്നാല്‍ മറ്റിടങ്ങളിലെ കണക്കുകള്‍ വെച്ച് ആശ്വസിച്ചിരിക്കാനും ജാഗ്രത കൈവെടിയാനും സാധിക്കില്ല. മനുഷ്യന്‍ വരച്ചുവെച്ച രാജ്യാതിര്‍ത്തികളും സംസ്ഥാന, പ്രാദേശിക അതിര്‍ത്തികളും മഹാമാരികള്‍ക്ക് മുമ്പില്‍ അപ്രസക്തമാണല്ലോ. കേരളത്തിന് മാത്രമായി രക്ഷാതുരുത്തായി നിലകൊള്ളാനാകില്ല. ഇതര സംസ്ഥാനങ്ങളില്‍ വ്യാപനം സംഭവിച്ചു കഴിഞ്ഞതിനാല്‍ ഏത് വഴിയെന്നറിയാതെ രോഗം ഇവിടെ പറന്നെത്തും.

അതിനാല്‍ ചില യാഥാര്‍ഥ്യങ്ങള്‍ അംഗീകരിച്ചേ തീരൂ. കേരളത്തില്‍ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നത് സാങ്കേതികമായ നിഗമനം മാത്രമാണെന്ന് മനസ്സിലാക്കണം. ഇവിടുത്തെ പോലെ ആരോഗ്യ അവബോധം സിദ്ധിച്ച ഒരു പ്രദേശത്ത് കുറച്ച് പേരുടെയെങ്കിലും രോഗ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് പരിഭ്രമിക്കേണ്ട കാര്യം തന്നെയാണ്. വ്യാപനത്തിന്റെ വക്കിലല്ല, വ്യാപനത്തിലാണ് നാം ഉള്ളതെന്ന് തിരിച്ചറിയുകയും അതിനനുസരിച്ചുള്ള മുന്‍കരുതലുകള്‍ െൈകക്കാള്ളുകയുമാണ് വേണ്ടത്. സര്‍ക്കാര്‍ ഇക്കാലമത്രയും കാണിച്ച കാര്യപ്രാപ്തി ഈ ഘട്ടത്തില്‍ കൈവിടരുത്. ആന്റിബോഡി ടെസ്റ്റ് വ്യാപകമാക്കുമെന്ന പ്രഖ്യാപനം എത്രയും വേഗം നടപ്പാക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ കാര്യക്ഷമതയുള്ള സുരക്ഷാ സംവിധാനമൊരുക്കണം. ജനങ്ങളെ കൂടുതല്‍ ബോധവാന്‍മാരാക്കണം. വൈറസിന്റെ നിശ്ശബ്ദ വാഹകരായി മനുഷ്യര്‍ മാറുന്ന സ്ഥിതിയുണ്ട് ഈ രോഗത്തിന്റെ കാര്യത്തില്‍. ഒരാള്‍ വാഹകനാണെങ്കില്‍ ഒരു ലക്ഷണവും കാണിക്കാതെ തന്നെ അയാളില്‍ നിന്ന് രോഗം പടര്‍ന്നേക്കാം. അങ്ങനെ പടരുമ്പോള്‍ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരും. കേരളത്തിന്റെ അഭിമാനമായ പൊതുജനാരോഗ്യ സംവിധാനത്തിന് പോലും ഈ സമ്മര്‍ദം താങ്ങാനാകില്ല. പ്രവാസികളുടെ നിരുപാധിക ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈന്‍ ഒഴിവാക്കിയത് ഈ സമ്മര്‍ദത്തിന്റെ സൂചനയായി കാണേണ്ടിയിരിക്കുന്നു. ആരെയും പഴിച്ചിട്ട് കാര്യമുണ്ടാകില്ല. രോഗികളുടെ എണ്ണം ഒരു വാര്‍ത്തയേ ആകാത്ത വിധം എണ്ണം കുതിച്ചുയര്‍ന്നാല്‍ ഒന്നും ചെയ്യാനാകില്ല. മരണസാധ്യത പൊതുവെ കുറഞ്ഞ കൊവിഡ് 19 മറ്റിടങ്ങളിലെല്ലാം മാരക പ്രതിസന്ധിയായി മാറിയത് ഇത്തരം ഘട്ടത്തില്‍ എത്തിയതിന് ശേഷമാണെന്ന് മനസ്സിലാക്കണം. നാം ആ ദുരന്ത കാലത്തേക്കുള്ള യാത്രയിലാണെന്ന കയ്‌പേറിയ സത്യം തിരിച്ചറിയണം.

അപ്പോള്‍ ഒരു ചോദ്യമുയരും. ഇതൊന്നും മനസ്സിലാക്കാതെയാണോ സര്‍ക്കാറുകള്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്? ആരാധാനാലയങ്ങളടക്കം നിയന്ത്രണങ്ങളോടെ തുറക്കുന്നത്? പൊതു ഗതാഗതവും പുറം ഭക്ഷണവും അനുവദിക്കുന്നത്? അടഞ്ഞുപോയ സാമൂഹിക, സാമ്പത്തിക ജീവിതം സാവധാനം തിരിച്ചു പിടിക്കാനുള്ള നീക്കങ്ങള്‍ എന്നേ ഇതിന് മറുപടിയുള്ളൂ. കൊവിഡിനൊപ്പം ജീവിക്കുകയെന്ന പരിഹാരത്തിലേക്കുള്ള വഴി. അടച്ചിടല്‍ പരിഹാരമല്ല, ഒരുങ്ങാനുള്ള സമയം മാത്രമാണ്. അതുകൊണ്ട് ഇളവുകളെ ബുദ്ധിപൂര്‍വം വിനിയോഗിക്കാന്‍ നമുക്ക് സാധിക്കുമോ എന്നതാണ് അടുത്ത ചോദ്യം. എല്ലാ ഇളവുകളും യഥേഷ്ടം ഉപയോഗിക്കാന്‍ വേണ്ടിയുള്ളതല്ല. ഓരോ ഇളവും റിസ്‌കെടുക്കലാണ്.

ആദ്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തിലുള്ള ഭയവും ജാഗ്രതയും കേരളീയര്‍ക്ക് ഇന്നില്ല എന്നത് സങ്കടകരമാണ്. അന്ന് രോഗികളുടെ എണ്ണം എത്ര കുറവായിരുന്നുവെന്നോര്‍ക്കണം. കൊവിഡ് കൊണ്ടുവന്ന ആരോഗ്യ ശീലങ്ങള്‍, സാമൂഹിക അകലം എന്നിവ ജീവിതത്തിന്റെ ഭാഗമാക്കണം. മുതിര്‍ന്ന പൗരന്‍മാര്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും പ്രത്യേക ശ്രദ്ധ കൊടുക്കണം. സമ്പദ് വ്യവസ്ഥയെ സജീവമാക്കാന്‍ കൊണ്ടുവരുന്ന ഇളവുകള്‍ പ്രാബല്യത്തിലാകുമ്പോള്‍ സ്വയം രോഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യക്തികള്‍ക്ക് ഉത്തരവാദിത്വം കൂടുകയാണ് ചെയ്യുന്നത്. ബസുകളും ട്രെയിനുകളും നിര്‍ബാധം ഓടുമ്പോള്‍ പല ഭാഗത്ത് നിന്നും ജനം ഒഴുകി വരികയാണ്. അപ്പോള്‍ വ്യക്തി എന്ന നിലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ സ്വീകരിക്കാന്‍ ഓരോരുത്തരും തയ്യാറാകേണ്ടി വരും. സ്വയം പ്രതിരോധമാണ് ഇപ്പോള്‍ പ്രധാനം. എന്നെയും കുടുംബത്തെയും ഞാന്‍ തന്നെ സംരക്ഷിക്കണമെന്ന നിലപാടെടുക്കാന്‍ തയ്യാറാകണം. ആരാധനാലയങ്ങള്‍ അടഞ്ഞു കിടക്കുന്നതില്‍ വേദനിച്ചിരുന്ന വിശ്വാസികള്‍ അങ്ങേയറ്റം കരുതലോടെയാണ് ഇളവുകള്‍ ഉപയോഗിക്കാന്‍ പോകുന്നത്. ഇക്കാര്യത്തില്‍ മുസ്‌ലിം സംഘടനകള്‍ കൃത്യമായ ആസൂത്രണത്തോടെയാണ് മുന്നോട്ട് നീങ്ങുന്നത്.

കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ എവിടെയൊക്കെ നല്ല മാതൃകയുണ്ടോ അത് സ്വീകരിക്കാന്‍ സര്‍ക്കാറുകള്‍ തയ്യാറാകണം. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് അവധികൊടുത്ത് ഭരണ, പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചു നീങ്ങേണ്ട ഘട്ടമാണിത്. കൊവിഡ് രോഗത്തിന്റെ ആദ്യഘട്ടത്തില്‍ ഇത്തരം വിവാദങ്ങള്‍ എമ്പാടുമുണ്ടായിരുന്നുവല്ലോ. ജനങ്ങള്‍ കൂടുതല്‍ നിസ്സഹായരാകുന്ന ഈ ഘട്ടത്തിലെങ്കിലും രാഷ്ട്രീയ നേതൃത്വം പരസ്പരം കേള്‍ക്കാന്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം.

---- facebook comment plugin here -----

Latest