Kerala
മകളുടെ ഫോൺ തിരിച്ച് കിട്ടാനായി മുഖ്യമന്ത്രിക്ക് പരാതിയയച്ച് വീട്ടമ്മ

കണ്ണൂർ| സ്‌കൂളിൽ പിടിച്ചുവച്ച മകളുടെ മൊബൈൽഫോൺ തിരിച്ച് നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് കണ്ണൂരിലെ ഒരു വീട്ടമ്മ. കണ്ണൂർ പള്ളിക്കരയിലെ തയ്യൽ ജോലിക്കാരിയായ സമീറയാണ് എട്ട് മാസം മുമ്പ് സ്‌കൂളിൽ പിടിച്ചുവച്ച മകൾ ഷസയുടെ ഫോൺ തിരിച്ച് കിട്ടാൻ അവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഇളയമകന് ഓൺലൈൻ പഠനത്തിനാവശ്യമാണെന്നും പഠനത്തിന് വേറെ വഴിയില്ലെന്നും കാട്ടിയാണ് പരാതി.
യുവജനോത്സവം നടക്കുന്ന ദിവസം ഒപ്പനയുടെ ഫോട്ടോ എടുക്കാനായ് ഷസ ഫോണുമായി സ്‌കൂളിൽ എത്തിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പുതിയങ്ങാടി ജമാഅത്ത്ഹ യർസെക്കൻഡറി സ്‌കൂളിലെ പ്രധാന അധ്യാപകനാണ് ഷസയുടെ ഫോൺ പിടിച്ചുവച്ചത്. എസ് എസ് എൽ സി പരീക്ഷ നടക്കുന്ന സമയമായതിനാൽ ഈ സംഭവം ഷസയെ ഏറെ വിഷമത്തിലാക്കി. പഴയങ്ങാടി സി ഐയെ പരാതിയുമായി സമീപിച്ചെങ്കിലും പൊലീസ് മോശമായിട്ടാണ് തന്നോടും മക്കളോടും പെരുമാറിയതെന്ന് സമീറ പറഞ്ഞു.
തയ്യൽ ജോലിചെയ്ത് മൂന്ന് മക്കളെ വളർത്തുന്ന സമീറക്ക് ജോലിയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനംകൊണ്ട് ഇനിയും ഒരു ഫോൺ വാങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നാണ് സമീറയുടെ ആവശ്യം.