Connect with us

National

ബില്ല് അടച്ചില്ല; വയോധികനെ കട്ടിലിൽ കെട്ടിയിട്ട് ആശുപത്രി അധികൃതരുടെ ക്രൂരത

Published

|

Last Updated

ബോപ്പാൽ | ബില്ല് അടക്കാൻ പണമില്ലാത്തതിനെ തുടർന്ന് മധ്യപ്രദേശിൽ വയോധികനെ ആശുപത്രി കിടക്കയിൽ കെട്ടിയിട്ട് ആശുപത്രി അധികൃതരുടെ ക്രൂരത. മധ്യപ്രദേശിലെ ഷാജാപൂരിലെ ആശുപത്രിയിലാണ് സംഭവം. റിപ്പോർട്ട് പുറത്തു വന്നതോടെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വിഷയത്തിൽ ഇടപെടുകയും ആശുപത്രിക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. വിഷയത്തിൽ അന്വേഷണം നടത്താൻ ജില്ലാ ആശുപത്രിയും ഷാജാപൂർ ജില്ലാ ഭരണകൂടവും ഉത്തരവിട്ടു.

വൃദ്ധന് അപസ്മാര ലക്ഷണമുള്ളതിനാൽ സ്വയം പരുക്കേൽപിക്കാൻ സാധ്യയുണ്ടെന്ന് കണ്ടാണ് കൈകാലുകൾ ബന്ധിച്ചതെന്നാണ്  ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ ബിൽ തുകയായ 11,000 രൂപ നൽകാതിരുന്നതിനെ തുടർന്നാണ് ആശുപത്രി അധികൃതർ കട്ടിലിൽ കെട്ടിയിട്ടതെന്ന് ഇയാളുടെ കുടുംബം ആരോപിക്കുന്നു.

“ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഞങ്ങൾ 5,000 രൂപ അടച്ചിരുന്നു, എന്നാൽ ചികിത്സ കുറച്ച് ദിവസങ്ങൾ കൂടി നീണ്ടപ്പോൾ ബിൽ തുക കൂടി. അടക്കാൻ ഞങ്ങളുടെ പക്കൽ പണമില്ലായിരുന്നു,” മകൾ പറഞ്ഞു.

“അദ്ദേഹത്തിന് ശരീരത്തിലെ ഇലക്ട്രോലെെറ്റുകളുടെ അസന്തുലിതാവസ്ഥയെ തുടർന്നുണ്ടാകുന്ന അപസ്മാരത്തിന് സാധ്യതയുണ്ടായിരുന്നു. അതിനാൽ സ്വയം പരുക്കേൽപ്പിക്കാതിരിക്കാനാണ് ഇയാളെ കെട്ടിയിട്ടത്” ആശുപത്രിയിലെ ഒരു ഡോക്ടർ പറഞ്ഞു. മാനുഷിക പരിഗണന നൽകി ആശുപത്രി അവരുടെ ബിൽ എഴുതിത്തള്ളിയതായും ഡോക്ടർ അറിയിച്ചു.

Latest