Covid19
ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ജൂണ്‍ അവസാനത്തോടെ ഒരുലക്ഷം കവിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി | കൊവിഡ് സ്ഥിതിഗതികള്‍ അതിരൂക്ഷമായ ഡല്‍ഹിയില്‍ ജൂണ്‍ അവസാനത്തോടെ ഒരു ലക്ഷത്തില്‍ പരം കേസുകള്‍ സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാര്‍ രൂപവത്ക്കരിച്ച അഞ്ചംഗ സമിതിയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇതേ തുടര്‍ന്ന് 15000 കിടക്കകള്‍ കൂടി കൊവിഡ് ആശുപത്രികളില്‍ സജ്ജീകരിക്കണമെന്ന് സമിതി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. “ഡല്‍ഹിയില്‍ ജൂണ്‍ അവസാനത്തോടെ ഒരു ലക്ഷത്തില്‍ പരം കൊവിഡ് പോസിറ്റീവ് കേസുകളുണ്ടാകുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍. ഒരു രോഗിയും ബുദ്ധിമുട്ടേണ്ട അവസ്ഥയുണ്ടാകരുത്. രോഗവ്യാപനത്തെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്.”- സമിതി അധ്യക്ഷന്‍ ഡോ. മഹേ് വര്‍മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അഹമ്മദാബാദ്, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലെ സാഹചര്യം സമിതി വിലയിരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
15 ദിവസത്തിനുള്ളിലാണ് ഡല്‍ഹിയില്‍ കേസുകള്‍ ഇരട്ടിക്കുന്നതെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസുകളുടെ എണ്ണം ഒരുപാട് വര്‍ധിക്കും. 25 ശതമാനത്തോളം രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടതായി വരും. ഭൂരിഭാഗം രോഗികളും മതിയായ തോതില്‍ ഓക്‌സിജന്‍ കോശങ്ങളിലെത്താത്ത അവസ്ഥയിലായിരിക്കും. അഞ്ചു ശതമാനം പേര്‍ക്ക് വെന്റിലേറ്റര്‍ ആവശ്യമായി വരും. രോഗികള്‍ക്കായി പരമാവധി ഓക്‌സിജന്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജൂലൈ 15ഓടെ ഡല്‍ഹിയില്‍ 42000 കിടക്കള്‍ വേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.