Covid19
ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗശൂന്യം; കൊവിഡ് ചികിത്സക്ക് ഫലപ്രദമല്ലെന്ന് ബ്രിട്ടീഷ് ഗവേഷകര്‍

ലണ്ടന്‍ | കൊവിഡ് ചികിത്സയിലെ ഗെയിം ചെയിഞ്ചര്‍ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വരെ വിശേഷിപ്പിച്ച മലേറിയ വിരുദ്ധ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് ബ്രിട്ടീഷ് ഗവേഷകര്‍. ഇതേതുടര്‍ന്ന് മരുന്ന് പരീക്ഷണം ശാസ്ത്രജ്ഞര്‍ നിര്‍ത്തിവെച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈഡ്രോക്്‌സിക്ലോറോക്വിന്‍ ഉപയോഗശൂന്യമാണെന്ന കണ്ടെത്തലാണ് ബ്രിട്ടീഷ് ഗവേഷകര്‍ നടത്തിയിരിക്കുന്നത്.
കൊവിഡ് 19 നുള്ള ചികിത്സയല്ല ഈ മരുന്നെന്നും ഇത് രോഗികളില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഇതുസംബന്ധിച്ച ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ മാര്‍ട്ടിന്‍ ലാന്‍ഡ്രെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ ഫലം ലോകമെമ്പാടുമുള്ള മെഡിക്കല്‍ പ്രാക്ടീസിനെ മാറ്റുമെന്നും ഉപയോഗശൂന്യമായ മരുന്ന് ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ രോഗം ഭേദമാക്കാന്‍ ഹൈഡ്രോക്്‌സിക്ലോറോക്വിന്‍ മരുന്നിന് സാധിക്കില്ലെന്ന് പ്രൊഫസര്‍ ലാന്‍ഡ്രേ വ്യക്തമാക്കി. നിങ്ങള്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ ഈ മരുന്ന് കഴിക്കരുതെന്നും അദ്ദേഹം ഉപദേശിക്കുന്നു.
കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 1,542 രോഗികള്‍ക്ക് ഹൈഡ്രോക്്‌സിക്ലോറോക്വിന്‍ ചികിത്സ നല്‍കിയും 3,132 പേര്‍ക്ക് മരുന്നില്ലാതെ സാധാരണ പരിചരണം നല്‍കിയുമായിരുന്നു പരിക്ഷണം. എന്നാല്‍ മരുന്ന് നല്‍കി 28 ദിവസത്തിനു ശേഷവും മരണനിരക്കിലും ആശുപത്രിവാസത്തിലും കാര്യമായ വ്യത്യാസമുണ്ടായില്ലെന്ന് ഗവേഷകര്‍ പറയുന്നു.
ഏഴ് ദശലക്ഷത്തോളം ആളുകളെ ബാധിച്ചതും ലോകമെമ്പാടുമുള്ള 400,000 ത്തോളം ആളുകളെ കൊന്നൊടുക്കിയതുമായ മഹാമാരിക്ക് എതിരെ ഫലപ്രദമായ മരുന്നായാണ് ഹൈഡ്രോക്്‌സിക്ലോറോക്വിനെ കണ്ടിരുന്നത്. തെളിയിക്കപ്പെട്ടാല്‍, വിലകുറഞ്ഞതും വ്യാപകമായി ലഭ്യമായതുമായ മരുന്നായാണ് ഇതിനെ കണക്കാക്കിയിരുന്നത്.
കഴിഞ്ഞ മാസം മെഡിക്കല്‍ ജേണലായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ഹൈഡ്രോക്്‌സിക്ലോറോക്വിനെതിരെ സുരക്ഷാ ആശങ്കകള്‍ ഉന്നയിക്കുകയും ഇതെതുടര്‍ന്ന് ഇതുസംബന്ധിച്ച നിരവധി പഠനങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡാറ്റ സംബന്ധിച്ച് വ്യക്തതയും ഉറപ്പുമില്ലാത്തതിനാല്‍ ലാന്‍സെറ്റ് ഈ പഠനം പിന്‍വലിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയില്‍ കൊവിഡ് ചികിത്സക്കായി ഹൈഡ്രോക്്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നതായുള്ള വാര്‍ത്തകളെ തുടര്‍ന്ന് അമേരിക്ക ഉള്‍പ്പെടെ പല രാജ്യങ്ങളിലേക്കും ഇന്ത്യ ഈ മരുന്ന് കയറ്റി അയച്ചിരുന്നു. ഇന്ത്യയെ ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് ഹൈഡ്രോക്്‌സിക്ലോറോക്വിന്‍ ഗുളികകളാണ് അമേരിക്ക സ്വന്തമാക്കിയത്. ഹൈഡ്രോക്്‌സിക്ലോറോക്വിന്‍ ഗുളികകള്‍ കയറ്റി അയച്ചില്ലെങ്കില്‍ ഇന്ത്യ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ട്രംപിന്റെ ഈ നിലപാട് ആഗോള തലത്തില്‍ ഈ മരുന്നിന് വലിയ സ്വീകാര്യത നല്‍കിയിരുന്നു.