Connect with us

Articles

എന്തുകൊണ്ട് മൃഗങ്ങള്‍ കാടിറങ്ങുന്നു

Published

|

Last Updated

വനാതിര്‍ത്തി ഗ്രാമങ്ങളിലെ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം പുതിയ കാര്യമല്ല. കാടിനോട് ചേര്‍ന്ന പ്രദേശത്ത് മനുഷ്യവാസത്തിന്റെ അത്രതന്നെ പഴക്കം മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷത്തിനുമുണ്ടാകും. കൃഷി നശിപ്പിക്കാന്‍ വരുന്ന കാട്ടുമൃഗങ്ങളെ പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും പരമ്പരാഗത രീതിയില്‍ കാട്ടിലേക്ക് തിരികെ ഓടിച്ചു വിട്ട പഴയ കാലത്തില്‍ നിന്നും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിപ്പുറം എന്ത് വ്യത്യാസമാണ് മനുഷ്യ വന്യജീവി സംഘര്‍ഷം അധികരിക്കാനിടയാകുന്നതെന്ന് വ്യക്തമാകാന്‍ അധികം ചികയേണ്ടി വരില്ല. വന്യജീവികളുടെ ആവാസ വ്യവസ്ഥക്ക് ഭംഗം വരുമ്പോഴാണ് അവ നാട്ടിന്‍പുറങ്ങളിലിറങ്ങി നാശം വിതക്കുന്നതെന്ന പതിവ് വാദത്തെ മാറ്റിനിര്‍ത്തിയാല്‍ തന്നെ വന്യജീവി സംഘര്‍ഷത്തിന്റെ കാരണങ്ങളെ ഒന്നൊന്നായി വായിച്ചെടുക്കാനാകും.

വനവിസ്തൃതിയില്‍ വന്ന കുറവും അതിര്‍ത്തി ഗ്രാമങ്ങളിലെ കൂടുന്ന ജനസാന്ദ്രതയും വന്യജീവികളുടെ സഞ്ചാരപാതകളിലുണ്ടായ വ്യതിയാനങ്ങളും മനുഷ്യ വന്യജീവി സംഘര്‍ഷം കൂട്ടുന്നതിന് കാരണമായി എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, !വനാതിര്‍ത്തിയില്‍ രുചികരമായ ഭക്ഷണസസ്യങ്ങള്‍ നട്ടുവളര്‍ത്തുന്നതാണ് കാടിറങ്ങുന്ന മൃഗങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നെന്ന് ഇതു സംബന്ധിച്ച് ഗവേഷണം നടത്തുന്നവര്‍ കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏക സസ്യത്തോട്ടങ്ങളുടെ വര്‍ധനവ്, കാടിനകത്തുള്ള അനുചിതമായ വനവത്കരണം തുടങ്ങിയ നിരവധി കാരണങ്ങള്‍ ഒന്നൊന്നായി നിരന്നുവരും. വനത്തോട് ചേര്‍ന്ന കേരളത്തിന്റെ എല്ലാ ഭാഗത്തും മഴക്കാലമെന്നോ വേനല്‍ക്കാലമെന്നോ വ്യത്യാസമില്ലാതെ മൃഗങ്ങളുടെ കാടിറക്കം പതിവാണ്. ആന, കാട്ടുപന്നി, മുള്ളന്‍പന്നി, മലയണ്ണാന്‍, മ്ലാവ്, കുരങ്ങ്, മയില്‍ തുടങ്ങിയ ജീവികളാണ് ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടാക്കുന്നവയെന്ന് ഓരോയിടത്തെയും കാര്‍ഷിക മേഖലയിലെ അതിക്രമങ്ങള്‍ അക്കമിട്ട് നിരത്തും. വന ഗവേഷണ കേന്ദ്രത്തിലെ ഗവേഷകര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ അഞ്ച് ജില്ലകളിലെ വനപ്രദേശങ്ങളോട് ചേര്‍ന്ന ഗ്രാമങ്ങളിലാണ് വന്യജീവി സംഘര്‍ഷം പലപ്പോഴും രൂക്ഷമാകാറുള്ളത്. വനമേഖലയിലെ ആവാസ വ്യവസ്ഥയിലുള്ള മാറ്റം കാട്ടാനകളുടെ ഭക്ഷണ രീതിയേയും സ്വാധീനിക്കുന്നു എന്നതാണ് ഇത് സംബന്ധിച്ച ഏറ്റവും പുതിയ പഠനം വെളിപ്പെടുത്തുന്നത്. മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് കാടിറങ്ങിയെത്തുന്ന ആനക്കൂട്ടങ്ങളിലാണ് ഇത് വ്യാപകമായി കണ്ടെത്തിയത്. 12 15 വയസ്സ് പ്രായമുള്ള റബ്ബര്‍ മരത്തിന്റെ തൊലിയുള്‍പ്പെടെയാണ് അടുത്തകാലത്തായി കാട്ടാനകളുടെ ഭക്ഷണങ്ങളുടെ പട്ടികയിലിടംപിടിച്ച വസ്തുക്കളിലൊന്ന്. തെങ്ങും കവുങ്ങും വാഴയും പൈനാപ്പിളുമെല്ലാം കഴിക്കുന്നതിനൊപ്പം റബ്ബറിലും ആനക്കൂട്ടം കണ്ണുവെച്ചിട്ടുണ്ടെന്നത് കര്‍ഷകരെ ചെറുതായൊന്നുമല്ല ആങ്കലാപ്പിലാക്കുന്നത്.

ആനക്കൂട്ടത്തിന്റെ പരാക്രമത്തില്‍ മലപ്പുറം ജില്ലയിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ മാത്രം പ്രതിവര്‍ഷം ഏകദേശം 28,39,464 രൂപയുടെ റബ്ബര്‍ കൃഷി നശിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മലപ്പുറത്തെ വനാതിര്‍ത്തി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന മനുഷ്യ വന്യജീവി സംഘര്‍ഷത്തെക്കുറിച്ചുള്ള പഠനങ്ങളിലാണ് വന്യമൃഗങ്ങളുടെ ഭക്ഷ്യരീതിയിലടക്കം ഗണ്യമായ മാറ്റങ്ങളുണ്ടായെന്ന നിര്‍ണായക വിവരങ്ങളുള്ളത്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ സൗത്ത് ഫോറസ്റ്റ് ഡിവിഷന്‍ പരിധിയിലെ കരുളായി ഫോറസ്റ്റ് റേഞ്ചിലെ പനിച്ചോല, മയിലംപാറ, വട്ടമല തുടങ്ങി വനാതിര്‍ത്തിക്കടുത്തുള്ള എട്ടോളം ഇടങ്ങളിലാണ് റബ്ബര്‍ തോട്ടങ്ങളില്‍ ആനകളുടെ പരാക്രമത്തില്‍ റബ്ബര്‍ കൃഷിക്ക് ഏറെ നഷ്ടമുണ്ടായത്. വനാതിര്‍ത്തിയില്‍ കാര്യമായി വേലികളോ കിടങ്ങുകളോ ഒന്നുമില്ലാത്ത ഭാഗങ്ങളിലൂടെ എത്തുന്ന ആനക്കൂട്ടം റബ്ബര്‍ !മരത്തിന്റെ തൊലിയും ഭക്ഷണമാക്കി മാറ്റുന്നുണ്ടെന്ന് മനുഷ്യ വന്യജീവി സംഘര്‍ഷം സംബന്ധിച്ച് കേരള വന ഗവേഷണ കേന്ദ്രത്തിന് കീഴില്‍ ഗവേഷണം നടത്തിയ ഒരാളുടെ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

റബ്ബര്‍ തോട്ടങ്ങളില്‍ ഇടവിളയായി കൃഷി ചെയ്ത പൈനാപ്പിളാണ് ആനകളെ ആദ്യം തോട്ടങ്ങളിലേക്ക് ആകര്‍ഷിച്ചത്. ഇത് തിന്നാനായി ആനകളെത്തുമ്പോഴാണ് റബ്ബറിന് നാശം സംഭവിച്ചുതുടങ്ങിയത്. ക്രമേണ ഇതിന്റെ വിളവെടുപ്പ് കഴിഞ്ഞപ്പോഴും ആനക്കൂട്ടം തോട്ടത്തില്‍ നിന്ന് പിന്മാറാന്‍ കൂട്ടാക്കിയില്ല. പിന്നീട്, റബ്ബര്‍ !മരത്തിന്റെ തൊലിയും ഇവ ആഹാരമാക്കിത്തുടങ്ങുകയായിരുന്നു. മഴക്കാലത്തും വേനല്‍ക്കാലത്തുമെല്ലാം ആനക്കൂട്ടം ഇത്തരത്തില്‍ റബ്ബര്‍ ഭക്ഷണമാക്കാനായി കാടിറങ്ങുന്നുണ്ട്. മറ്റു കൃഷികള്‍ കാട്ടാനകള്‍ വ്യാപകമായി നശിപ്പിച്ചതിനെത്തുടര്‍ന്നാണ് വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കൂടുതല്‍ പേര്‍ റബ്ബര്‍ കൃഷിയിലേക്ക് തിരിഞ്ഞത്. എന്നാല്‍, ആനക്കൂട്ടം ഇത്തരത്തില്‍ റബ്ബര്‍ മരങ്ങള്‍ തീറ്റക്കു വേണ്ടി കൂടി ഉപയോഗിച്ചു തുടങ്ങിയതോടെ ഏക്കര്‍ കണക്കിന് തോട്ടങ്ങളിലാണ് വലിയ നാശം സംഭവിച്ചിട്ടുള്ളത്. ആനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവയുടെ നാശത്തിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് പ്രതിവര്‍ഷമുണ്ടാകുന്നത്. വയനാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ ജില്ലകളിലെ വനപ്രദേശങ്ങളോട് ചേര്‍ന്ന ഗ്രാമങ്ങളിലെല്ലാം ഇത്തരത്തില്‍ വന്യജീവികളുടെ കാടിറക്കം കൂടുതലായുണ്ടെന്ന് നേരത്തേ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തൃശൂരില്‍ വെള്ളികുളങ്ങര, മച്ചാട്, പീച്ചി, പാലപ്പള്ളി പാലക്കാട് ജില്ലയിലെ അട്ടപ്പാടി കണ്ണൂര്‍ ജില്ലയിലെ ആറളം, ഇരിട്ടി, പൈതല്‍മല, ആലക്കോട് എന്നിവിടങ്ങളിലെല്ലാം ആഹാര ലഭ്യതക്കായി ആനകള്‍ കാടിറങ്ങുന്നത് പതിവാണ്. പൂര്‍ണ വളര്‍ച്ചയെത്തിയ ആനക്ക് ഒരു ദിവസം 50 കിലോഗ്രാം ഖരദ്രവ ഭക്ഷണം ആവശ്യമാണ്. ഇത് കാട്ടില്‍ നിന്ന് ലഭ്യമായ സാഹചര്യത്തിലും ആനകള്‍ കൂടുതലും ഗ്രാമങ്ങളിലേക്കിറങ്ങുന്നുവെന്നാണ് പുതിയ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, കാടിറങ്ങുന്ന മൃഗങ്ങളെ തുരത്താനുപയോഗിക്കുന്ന മാര്‍ഗങ്ങള്‍ പലപ്പോഴും വലിയ ദുരന്തങ്ങളായി പരിണമിച്ചിട്ടുണ്ടെന്നത് ഇവിടെ കാണാതെ പോകരുത്. കൃഷി നശിപ്പിക്കുകയും ആളുകളെ കൊല്ലുകയും ചെയ്യുന്ന വന്യജീവികളെ ഉന്മൂലനം ചെയ്യണമെന്ന നിലപാട് ആശാസ്യമല്ല. വന്യജീവി ശല്യത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ മനസ്സിലാക്കി ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിക്കുക തന്നെയാണ് ഇക്കാര്യത്തില്‍ വേണ്ടത്. വന്യമൃഗങ്ങള്‍ ഇഷ്ടപ്പെടാത്ത സസ്യങ്ങള്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന കൃഷിയിടങ്ങളില്‍ നട്ടുവളര്‍ത്തുന്നതുള്‍പ്പെടെയുള്ള ജൈവീക രീതികള്‍ അവലംബിച്ചുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ മാത്രമേ മനുഷ്യ വന്യജീവി സംഘര്‍ഷങ്ങള്‍ ക്രമേണ ഇല്ലാതാക്കാനാകൂ എന്നാണ് ഇത് സംബന്ധിച്ച് നടന്ന പ്രധാന പഠനങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത്.

വനമേഖലയെയും മൃഗസംരക്ഷണ കേന്ദ്രങ്ങളെയും പരസ്പരം ബന്ധിപ്പിച്ച് ആനകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഇടനാഴി നിര്‍മിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ നേരത്തേ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നു. വനത്തിനുള്ളിലെ സ്വകാര്യഭൂമി ഏറ്റെടുത്തും സെറ്റില്‍മെന്റുകളിലെ കുടുംബങ്ങളെ പുനരധിവസിപ്പിച്ചും നടപ്പാക്കുന്ന പദ്ധതി പ്രാവര്‍ത്തികമായാല്‍ ആനകള്‍ക്ക് പശ്ചിമഘട്ടത്തില്‍ തെക്കുവടക്ക് സഞ്ചാരത്തിന് സൗകര്യമൊരുങ്ങുമെന്ന് കണ്ടെത്തിയിരുന്നു.എന്നാല്‍, എങ്ങുമെത്താതെ പോകുകയാണ് ഇത്തരം പദ്ധതികള്‍.
ആയിരത്തിലധികം പേരാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടെ വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. പരുക്കേറ്റവരുടെ എണ്ണം എത്രയോ ഇരട്ടി. നാട്ടിലേക്കുള്ള ഭക്ഷണം തേടിയുള്ള യാത്രയില്‍ ഒന്നര പതിറ്റാണ്ടിനിടെ കൊല്ലപ്പെട്ടത് 25ലേറെ കാട്ടാനകളാണ്. കാടിനെയും നാടിനെയും രണ്ടായി തിരിക്കുന്ന റെയില്‍പാളങ്ങളില്‍ ട്രെയിനിടിച്ചുള്ള ദാരുണ മരണങ്ങള്‍ നിരവധി. മറ്റു മൃഗങ്ങളുടെ എണ്ണവും എണ്ണിയാല്‍ തീരില്ല.
മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷത്തിലെ കണക്കുകള്‍ ഇങ്ങനെ വര്‍ഷാവര്‍ഷം ഏറിവരികയാണ്. വന്യജീവികളും വന സസ്യങ്ങളും നശിച്ചുപോകാതെ നിലനിര്‍ത്തുന്ന സംവിധാനമായി വന്യജീവി സംരക്ഷണം മാറുകയും വനപാലനം ജനകീയമാകുകയും ചെയ്താല്‍ മാത്രമേ സംഘര്‍ഷങ്ങളില്ലാതാവുകയുള്ളൂ എന്ന് ആരാണ് നമ്മെ പഠിപ്പിക്കുക.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest