കൊവിഡ്: ഗള്‍ഫില്‍ എട്ട് മലയാളികള്‍ കൂടി മരിച്ചു

Posted on: June 6, 2020 11:44 pm | Last updated: June 7, 2020 at 9:59 am

തിരുവനന്തപുരം| കൊവിഡ് 19 ബാധിച്ച് വിദേശത്ത് എട്ട് മലയാളികള്‍ കൂടി മരിച്ചു. വള്ളക്കടവ് സുലൈമാന്‍ സ്ട്രീറ്റില്‍ നസീര്‍ (52), മാവേലിക്കര മാങ്കാംകുഴി ശ്രീകൃഷ്ണ ഭവനം പരേതനായ എസ് കൃഷ്ണനാശാന്റെ മകന്‍ ദേവരാജന്‍ (63), കൊയിലാണ്ടി അരിക്കുളം പാറക്കുളങ്ങര മീത്തലെ ചെറുതാല്‍ അബ്ദുല്ലയുടെ മകന്‍ നിജിന്‍ (33), കണ്ണൂര്‍ ചെറുപുഴ, വയക്കര സ്വദേശി ശുഹൈബ് (24), പത്തനംതിട്ട കോഴഞ്ചേരി നെല്ലിക്കാല ചെമ്പകത്തിനല്‍ വീട്ടില്‍ നൈനാന്‍ സി മാമ്മന്‍ (46), കൊല്ലം പരവൂര്‍ കുറുമണ്ടല്‍ സ്വദേശിനി കല്ലുംകുന്ന് വീട്ടില്‍ ഉഷ (42), തിരുവനന്തപുരം ആനയറ കടകംപള്ളി സ്വദേശി ശ്രീകുമാര്‍ നായര്‍ (61), പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി സിജു എബ്രഹാമിന്റെ ഭാര്യ ജൂലി സിജു(41) എന്നിവരാണ് മരിച്ചത്.

രണ്ട് ദിവസം മുമ്പ് ശക്തമായ പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നസീറിനെ സഊദി അറേബ്യയിലെ ഹൈലില്‍ അല്‍ റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഭാര്യ: ജുനൈദ. മക്കള്‍: മുഹമ്മദ് അസ്‌ലം, ആമിന, ആസിഫ്. പരേതരായ ഷാഹുല്‍ ഹമീദ്, സബൂറ ബീവി ദമ്പതികളുടെ മകനാണ്.

ദേവരാജന്‍ വര്‍ഷങ്ങളായി കുടുംബസമേതം ദുബൈയിലാണ്. കഴിഞ്ഞ ജൂലൈയില്‍ മകന്റെ വിവാഹത്തിനായി കുടുംബസമേതം നാട്ടില്‍ എത്തിയിരുന്നു. ഭാര്യ: ഷീല. മക്കള്‍: സ്‌നേഹ, രഞ്ജിത്. മരുമക്കള്‍: ഷിനു, പ്രശാന്തി.
മലബാര്‍ ഗോള്‍ഡ് റിയാദ് മുറബ്ബ ബ്രാഞ്ച് മാനേജര്‍ ആയിരുന്നു നിജിന്‍. കൊവിഡ് പോസ്റ്റീവിനെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. നിജിനും കുടുംബവും റിയാദിലാണ്. എട്ട് മാസം മുമ്പാണ് നാട്ടില്‍ വന്നത്. മാതാവ്: സൗദ. ഭാര്യ: ജിമ്മീസ്. മക്കള്‍: സുഹ ഫാത്വിമ , മുഹമ്മദ് ആലിം. സഹോദരങ്ങള്‍: മുഹമ്മദ് ജിയാദ്, മുഹമ്മദ് ജസീല്‍.

ഒമാനില്‍ അല്‍ ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശുഹൈബ്. പുതിയങ്കാവിലെ സലീം നസീമ ദമ്പതികളുടെ മകനാണ്. സഹോദരന്‍ നബീല്‍. ഇവര്‍ എല്ലാവരും ഒമാനിലാണ്. ജോലി തേടി വിസിറ്റിംഗ് വിസയിലാണ് ശുഹൈബ് ഒമാനിലെത്തിയത്.
20 വര്‍ഷമായി ബഹ്‌റൈനില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു നൈനാന്‍ സി മാമ്മന്‍. നെല്ലിക്കാല മാര്‍ത്തോമ്മ പളളിയിലെ വികാരിയായിരുന്ന റവ.സി സി മാമനാണ് പിതാവ്. കുഴിക്കാല മേലേ തെക്കെ കാലായില്‍ ബെറ്റിയാണ് ഭാര്യ.

കഴിഞ്ഞ ഒരാഴ്ചയായി കുവൈത്തില്‍ ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉഷ. ഹോം കെയര്‍ ജോലി ചെയ്തുവരികയായിരുന്നു ഇവര്‍. ഭര്‍ത്താവ് സതീശനും മകന്‍ കാര്‍ത്തികേയനും കുവൈത്തിലാണ്. ഉദയ ലക്ഷ്മിയാണ് മകള്‍.
രോഗലക്ഷണങ്ങളെ തുടര്‍ന്ന് ശ്രീകുമാര്‍ നായര്‍ കുവൈത്തില്‍ അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്വകാര്യ കമ്പനിയില്‍ സ്‌റ്റോര്‍ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഗീത. മക്കള്‍: മാളു, മീനു.
സഊദിയില്‍ ദമാമില്‍ ലാബ് ടെക്‌നീഷ്യയായിരുന്നു ജൂലി.

ALSO READ  പത്തനംതിട്ടയില്‍ 133 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.51 ശതമാനം