Gulf
രാജ്യാന്തര കുറ്റവാളി സംഘത്തിന്റെ നേതാവ് ദുബൈയിൽ പോലീസ് പിടിയിൽ

ദുബൈ | ഇന്റർപോൾ തിരയുന്ന രാജ്യാന്തര കുറ്റവാളി സംഘത്തിന്റെ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡാനിഷ് പൗരനായ അമീർ മെക്കിയെ (22) ദുബൈ സുരക്ഷാസംഘമാണ് അറസ്റ്റ് ചെയ്തത്. ഏറ്റവും അപകടകാരിയായ കുറ്റവാളിയാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മെക്കി അറസ്റ്റിലായത്. അതീവ ജാഗ്രതയോടെയുള്ള നീക്കത്തിലൂടെയാണ് പിടികൂടിയതെന്നും പോലീസ് വ്യക്തമാക്കി.
ഇന്റർപോളിന്റെ പട്ടികയിൽ ഉൾപ്പെട്ട ഇയാൾ കൊലപാതകം, മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുള്ള കുപ്രസിദ്ധമായ അന്താരാഷ്ട്ര കുറ്റകൃത്യ സംഘത്തെ നയിച്ചിരുന്നു. ദുബൈയിൽ ഒരു കൊലപാതകവും ആസൂത്രണം ചെയ്തിരുന്നു. യൂറോപ്പിൽ നിന്നാണ് ദുബൈയിൽ എത്തിയത്. 2018ൽ മെക്കി ആദ്യമായി യു എ ഇയിൽ പ്രവേശിച്ചു.
ദുബൈ മീഡിയ ഓഫീസ് പങ്കിട്ട ഒരു വീഡിയോയിൽ ദുബൈ വസതിക്ക് പുറത്ത് മാലിന്യം വലിച്ചെറിയുന്ന ഇയാളെ ശ്രദ്ധയിൽപെട്ടതാണ് അറസ്റ്റിലേക്ക് നയിച്ചത്. വ്യത്യസ്തമായ ഐ ഡികൾ ഉപയോഗിച്ചായിരുന്നു ഇയാൾ ദുബൈയിൽ സഞ്ചരിച്ചിരുന്നത്. വിശദമായ സുരക്ഷാ പരിശോധനകൾക്കും അന്വേഷണത്തിനും ശേഷം വ്യക്തി മെക്കിയാണെന്ന് തിരിച്ചറിഞ്ഞു. ദുബൈ സ്‌റ്റേറ്റ് സെക്യൂരിറ്റിയിൽ നിന്നുള്ള പ്രത്യേക സേന വ്യാഴാഴ്ച പുലർച്ചെ മെക്കിയെ വസതിയിൽ വെച്ച് അറസ്റ്റ് ചെയ്തു.
നിലവിൽ മെക്കിയെ ചോദ്യം ചെയ്യുകയാണെന്നും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ദുബൈയിലെ സഞ്ചാര നിയന്ത്രണങ്ങളും കൊവിഡ് 19 തടയുന്നതിനുള്ള മുൻകരുതൽ നടപടികളും കാരണം അസാധാരണമായ സാഹചര്യത്തിലാണ് സ്റ്റിംഗ് ഓപ്പറേഷൻ നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബന്ധപ്പെട്ട രാജ്യങ്ങളിലെ അധികാരികൾക്ക് കൈമാറാൻ ദുബൈ പബ്ലിക് പ്രോസിക്യൂഷൻ, വിദേശകാര്യ മന്ത്രാലയം, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് ഒരു നിയമസംഘം രൂപീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.