National
കൊവിഡ് മരണം ഉയരുന്നു; ഭീതിയോടെ നിഗംബോധ് ഘട്ട് ശ്മശാനം

ന്യൂഡൽഹി| ഭീതിയുയർത്തി തലസ്ഥാന നഗരിയിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരെ സംസ്‌കരിക്കുന്ന നിഗം ബോധ്ഘട്ട് ശ്മശാനം. കൊവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ വർധനവ് കാരണം മുഴുവൻ സമയവും പ്രവർത്തിക്കുന്ന ശ്മശാനത്തിലെ പുകകുഴലിൽ നിന്ന പുറത്തുവരുന്ന പുക അന്തരീക്ഷത്തെയും ബന്ധുക്കളുടെയും ജീവനക്കാരുടെയും കണ്ണുകളെയും അസ്വസ്ഥമാക്കുന്നു.
ആറ് പുകകുഴലുകൾ ഉള്ളതിൽ മൂന്നെണ്ണം മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. അതുകൊണ്ട് കഴിഞ്ഞ ആഴ്ച മുതൽ ചിതയൊരുക്കി സംസ്‌കാരം നടത്താനും അനുവാദം നൽകിയിട്ടുണ്ട്. ഡൽഹിയിലെ ഏറ്റവും വലുതും പഴയതുമായ ശ്മശാനമാണിത്. ചെങ്കോട്ടക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ ശ്മശാനം മരിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വർധനവ് കാരണം പ്രവർത്തനസമയം രാവിലെ എട്ട് മുതൽ അർധരാത്രി വരെ വർധിപ്പിച്ചതും നിലവിൽ ആശങ്കയുണർത്തുന്നു.
രാജ്യത്ത് വൈറസ് ബാധിച്ച 2,40,000 പേരിൽ 6,700 പേർ മരിച്ചിട്ടുണ്ട്. ഇതിൽ ഡൽഹിയിൽ മാത്രം നിലവിൽ മരിച്ചത് 650 പേരാണ്. രണ്ട് മാസത്തിനുള്ളിൽ 500 സംസ്‌കാരങ്ങളാണ് ഈ ശ്മശാനത്തിൽ മാത്രം നടത്തിയത്. വൈറസ് കേസുകൾ കൈകാര്യം ചെയ്യാൻ ഇത് കൂടാതെ മൂന്ന് ശ്മശാനങ്ങളും രണ്ട് സെമിത്തേരിയുമാണ് ഇവിടെയുള്ളത്.