Connect with us

Kerala

പഠിക്കാൻ നെറ്റ്‌വർക്ക് തേടി പുരപ്പുറത്ത്; അതിവേഗ കണക്ഷൻ വാഗ്ദാനം ചെയ്ത് കമ്പനികൾ

Published

|

Last Updated

മലപ്പുറം | വീടിനകത്ത് നെറ്റ്‌വർക്ക് കവറേഞ്ച് കുറഞ്ഞതിനെ തുടർന്ന് പുരപ്പുറത്ത് കയറിയിരുന്ന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന വിദ്യാർഥിനിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ അതിവേഗ കണക്ഷൻ വാഗ്ദാനം ചെയ്ത് ഇന്റർനെറ്റ് സേവനദാതാക്കൾ. കുറ്റിപ്പുറം കെ എം സി ടി ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ബി എ മൂന്നാം വർഷം പഠിക്കുന്ന കോട്ടക്കൽ സ്വദേശിനി നമിത നാരായണനാണ് ഇത്തരമൊരു സാഹസത്തിന് മുതിർന്നത്.

വാർത്തയെക്കുറിച്ചുള്ള ചർച്ചകൾ ചൂടു പിടിച്ചതോടെ വിദ്യാർഥിനിയെ ആദ്യം സമീപിച്ച ജിയോ മൂന്ന് മാസത്തെ സൗജന്യ അതിവേഗ കണക്ഷൻ അനുവദിച്ചു നൽകി. ഇപ്പോൾ ഫുൾ റേഞ്ചിൽ പഠനം തകൃതിയായി നടക്കുന്നു. എന്നാൽ, ഇത് തന്റെ മാത്രം പ്രശ്‌നമല്ലെന്നും സമീപത്തുള്ള പല കുട്ടികളും ഈ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും നമിത പറഞ്ഞു.

നമിത പഠിക്കുന്ന കോളജിൽ ജൂൺ ഒന്നിന് തന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു. എന്നാൽ, റേഞ്ച് കുറവായതിനാൽ ക്ലാസിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇരുനില വീടിന്റെ മുകളിൽ മറ്റ് ആവശ്യങ്ങൾക്കായി പല തവണ കയറിയിട്ടുള്ളതിനാൽ, നമിതക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ക്ലാസ് നഷ്ടപ്പെടാതിരിക്കാൻ ഇതിലും നല്ല മാർഗമില്ലായിരുന്നു. എന്നാൽ, പുരപ്പുറത്തെ പഠനം സഹോദരി നയന വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കിയതോടെ സംഗതി വൈറലായി.

പഠിച്ച് ഐ എ എസ് നേടുകയെന്നതാണ് നമിതയുടെ ലക്ഷ്യം. ചിത്രം വൈറലായതോടെ സ്ഥലം എം എൽ എ സയ്യിദ് ആബിദ് ഹുസൈൻ തങ്ങളും ഇ ടി മുഹമ്മദ് ബഷീർ എം പിയും വിദ്യാർഥിനിയെ വിളിച്ച് അഭിനന്ദിച്ചു.

Latest