National
കൊവിഡ്: കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കാൻ മടിച്ച് രക്ഷിതാക്കൾ

ന്യൂഡൽഹി| കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണിന് ശേഷം സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രാദേശിക മേഖലകളിൽ കമ്മ്യൂണിറ്റി സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോം നടത്തിയ സർവേയിൽ വ്യത്യസ്ത അഭിപ്രായങ്ങളുമായി മാതാപിതാക്കൾ. ചില രാജ്യങ്ങളിൽ സ്‌കൂളുകൾ വീണ്ടും തുറന്നതിന് ശേഷം കുട്ടികൾക്ക് കൊവിഡ് ബാധിച്ചതും അണുബാധയുണ്ടായതായുമുള്ള റിപ്പോർട്ടുകൾ മൂലം രക്ഷിതാക്കൾ കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കാൻ വിമുഖത കാണിക്കുന്നതായും 224 ജില്ലകളിലുടനീളമുള്ള ഭൂരിഭാഗം രക്ഷിതാക്കൾക്കും സ്‌കൂളുകളിൽ സാമൂഹിക അകലം പാലിച്ച് അണുമുക്ത പരിശോധന നടത്തി വെർച്വൽ ക്ലാസുകൾ തുടരുന്നതിനും മറ്റുമുള്ള നടപടികൾ സ്വീകരിക്കുന്നതിൽ ആത്മവിശ്വാസമില്ലെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. സ്‌കൂളുകൾ തുറക്കുന്നതിന് മാനവവിഭവശേഷി മന്ത്രാലയം മാർഗനിർദേശങ്ങൾ തയ്യാറാക്കുമ്പോഴും മാതാപിതാക്കൾ ഇക്കാര്യത്തിൽ തിരക്ക് കൂട്ടുന്നില്ല. 11 ശതമാനം രക്ഷിതാക്കൾ മാത്രമാണ് വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് സ്‌കൂളുകൾ പുനഃരാരംഭിക്കുന്നതിനെ പിന്തുണക്കുന്നതെന്ന് പ്രാദേശിക മേഖലകളിൽ നടത്തിയ സർവേ വ്യക്തമാക്കുന്നു.
21 ദിവസത്തിനുള്ളിൽ 20 കിലോമീറ്റർ ചുറ്റളവിൽ പുതിയ കേസുകളില്ലെങ്കിൽ സ്‌കൂൾ വീണ്ടും തുറക്കണമെന്ന് സർവേയിൽ പങ്കെടുത്ത 18,000 രക്ഷിതാക്കളിൽ 37% പേരും അഭിപ്രായപ്പെട്ടപ്പോൾ രാജ്യത്ത് തന്നെ പുതിയ കേസുകൾ ഇല്ലാതിരുന്നാൽ മാത്രമേ സ്‌കൂളുകൾ വീണ്ടും തുറക്കാവൂ എന്നാണ് 20 ശതമാനത്തിലധികം പേരുടെയും നിലപാട്. 13 ശതമാനം പേർ വാക്‌സിൻ വികസിപ്പിക്കുന്നതുവരെ സ്‌കൂളുകൾ അടക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശങ്ങൾ ശ്രദ്ധാപൂർവം ആസൂത്രണം ചെയ്യണമെന്നും അഭിപ്രായപ്പെട്ടു.
ആഭ്യന്തര മന്ത്രാലയത്തിന്റെ “അൺലോക്ക് 1.0” മാർഗ നിർദേശങ്ങൾ അനുസരിച്ച്, അൺലോക്കിംഗിന്റെ രണ്ടാം ഘട്ടത്തിൽ സംസ്ഥാന സർക്കാറുകളുമായി കൂടിയാലോചിച്ച ശേഷം സ്‌കൂളുകൾ വീണ്ടും തുറക്കാം. ചില സംസ്ഥാന സർക്കാരുകൾ ജൂലൈ മുതൽ സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.
ലോക്ക്ഡൗൺ സമയത്ത് ക്ലാസുകൾ നടത്തുന്നതിന് പല സ്‌കൂളുകളും ഫലപ്രദമായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നുണ്ടെന്നും വീണ്ടും തുറക്കുന്നതിനുപകരം, ഇന്റർനെറ്റ്, ടെലിവിഷൻ, റേഡിയോ വഴി ഗ്രാമീണ മേഖലയിൽ പഠനം പ്രാപ്തമാക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്താൻ കേന്ദ്രവും സംസ്ഥാനങ്ങളും ശ്രമിക്കേണ്ടതുണ്ടെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഹരിയാന സർക്കാർ മുതിർന്ന ക്ലാസുകൾ ആദ്യം ആരംഭിച്ച് ജൂലൈയിൽ സ്‌കൂളുകൾ വീണ്ടും തുറക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഫ്രാൻസ്, ഡെൻമാർക്ക്, ക്രൊയേഷ്യ എന്നീ രാജ്യങ്ങളിൽ സ്‌കൂൾ തുറന്നതിന് ശേഷം ആഴ്ചയിൽ 70 പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇസ്‌റാഈലിൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ 220 ഓളം വിദ്യാർഥികളും അധ്യാപകരും കൊവിഡ് ബാധിതരായിട്ടുണ്ടെന്നും സ്‌കൂളുകൾ തുറന്ന് രണ്ടാഴ്ചക്കുള്ളിൽ പതിനായിരത്തോളം വിദ്യാർഥികളും അധ്യാപകരും ഹോം ക്വാറൻൈനിൽ പോയിട്ടുണ്ടെന്നും ചില മാതാപിതാക്കൾ ചൂണ്ടിക്കാട്ടി.