Connect with us

National

ലഡാക്ക് അതിര്‍ത്തി തര്‍ക്കം: ഇന്ത്യ ചൈന ഉഭയകക്ഷി ചര്‍ച്ച ഇന്ന്

Published

|

Last Updated

ന്യൂഡല്‍ഹി | ലഡാക്ക് അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഇന്ത്യ ചൈന ലെഫ്റ്റനന്റ് ജനറല്‍ തല ചര്‍ച്ച ഇന്ന്. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് തര്‍ക്കം ഒരുമാസത്തോളം പിന്നിടുമ്പോഴാണ് ഇരു കക്ഷികളും ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്.

കിഴക്കന്‍ ഏഷ്യയുടെ ചുമതലയുള്ള വിദേശകാര്യ ജോയിന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവയും ചൈനീസ് വിദേശകാര്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ വു ജിയാന്‍ഹാവോയും വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഈ വിഷയത്തില്‍ സംസാരിച്ചു. നിലവിലെ ഉഭയകക്ഷി ബന്ധത്തിന്റെ അവസ്ഥ ഇരുരാജ്യങ്ങളും അവലോകനം ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

നിലവിലെ ആഗോള സാഹചര്യത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സമാധാനപരവും സുസ്ഥിരവും സന്തുലിതവുമായ ബന്ധം ഗുണകരമായ ഘടകമാവുമെന്ന” കാര്യത്തില്‍ ഇരു രാജ്യങ്ങളുടെയും നേതാക്കള്‍” തമ്മില്‍ അഭിപ്രായ സമന്വയത്തിലെത്തിയെന്നും വിദേശ കാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ലഡാക്കിലെ അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ കുറച്ചുകൊണ്ടു വരുന്നതിനായാണ് ഇന്ത്യയും ചൈനയും ചര്‍ച്ചകളെ ലഫ്റ്റനന്റ് ജനറല്‍ തലത്തിലേക്ക് ഉയര്‍ത്തുന്നതെന്നാണ് റിപോര്‍ട്ട്. നേരത്തേ മേജര്‍ ജനറല്‍, ബ്രിഗേഡിയര്‍ ജനറല്‍ തലത്തിലുള്ള ചര്‍ച്ചകളാണ് നടന്നത്.

ലെഹ് ആസ്ഥാനമായ് 14 കോര്‍പ്‌സ് ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കുക. ടിബറ്റ് മിലിറ്ററി ഡിസ്ട്രിക്ട് കമാന്‍ഡറാവും മാല്‍ഡോയിലെ മീറ്റിങ്ങ് പോയിന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ ചൈനയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുക.

Latest