Connect with us

National

ബംഗാള്‍ കൊവിഡിനോടും ഉം പുനിനോടും പോരാടുമ്പോള്‍ ബി ജെ പി രാഷ്ട്രീയം കളിക്കുന്നു: മമത

Published

|

Last Updated

കൊല്‍ക്കത്ത | കൊവിഡിനോടും ഉം പുന്‍ ചുഴലിക്കാറ്റിനോടും സംസ്ഥാനം പൊരുതിക്കൊണ്ടിരിക്കെ, ബി ജെ പി രാഷ്ട്രീയം കളിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ലോക പരിസ്ഥിതി ദിനത്തില്‍ സംഘടിപ്പിച്ച സര്‍ക്കാര്‍ പരിപാടിയില്‍ സംസാരിക്കവെയാണ് മമത ബി ജെ പിക്കെതിരെ ആഞ്ഞടിച്ചത്.

“ദുരന്തങ്ങളോട് നാം പൊരുതുന്ന സമയത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന് ദിനംപ്രതി പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ രാഷ്ട്രീയം കളിക്കുന്നതിനുള്ള സമയമാണോ. രാഷ്ട്രീയ പ്രചാരണത്തിനുള്ള സമയമല്ലാത്തതു കൊണ്ടാണ് നരേന്ദ്ര മോദി സര്‍ക്കാറിനെ കേന്ദ്രത്തില്‍ നിന്ന് നീക്കണമെന്ന് ഞാന്‍ ആഹ്വാനം ചെയ്യാത്തത്. പോയി ജനങ്ങളെ സേവിക്കൂ. ചെടികള്‍ വച്ചുപിടിപ്പിക്കുകയും ജലസ്രോതസ്സുകള്‍ വൃത്തിയാക്കുകയും ചെയ്യൂ”- മമത പറഞ്ഞു. കൊവിഡ് വൈറസിനെയും പ്രകൃതി ദുരന്തത്തെയും ഉപജാപങ്ങളെയുമെല്ലാം ബംഗാള്‍ പരാജയപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.

വൈകീട്ട് തന്റെ പാര്‍ട്ടിയുടെ സംസ്ഥാന-ജില്ലാ നേതൃത്വത്തിന്റെ യോഗവും മമത വിളിച്ചു ചേര്‍ത്തു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് യോഗം നടത്തിയത്. ബി ജെ പി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞതായും തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നമ്മളും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നുമാണ് മമത യോഗത്തില്‍ പറഞ്ഞതെന്ന് പേര് വെളിപ്പെടുത്തില്ലെന്ന ഉറപ്പില്‍ ടി എം സിയുടെ ഒരു ജില്ലാ ഘടകം അധ്യക്ഷന്‍ വ്യക്തമാക്കി. കഴിഞ്ഞ ഒമ്പതു വര്‍ഷമായി തൃണമൂല്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ ക്രിയാത്മക നടപടികള്‍ ചൂണ്ടിക്കാട്ടി ബി ജെ പി പ്രചാരണത്തെ ചെറുക്കണമെന്നും അവര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം മേയില്‍ ടി എം സി ഭരണത്തെ മറിച്ചിടാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള “ആര്‍ നോയി മമത” (മമത ഇനി വേണ്ട) പ്രചാരണത്തിന് ബി ജെ പി തുടക്കം കുറിച്ചതിനു പിന്നാലെയാണ് സംസ്ഥാന മുഖ്യമന്ത്രി ബി ജെ പിക്കെതിരെ ആഞ്ഞടിച്ചത്. സംസ്ഥാനത്തിന്റെ അഞ്ചു ഭാഗങ്ങളില്‍ വിര്‍ച്വല്‍ റാലികള്‍ സംഘടിപ്പിക്കുമെന്നും ബി ജെ പി വ്യക്തമാക്കിയിട്ടുണ്ട്. ജൂണ്‍ ഒമ്പതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിക്കുന്ന ആദ്യ റാലിയില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍സ് ഉപയോഗിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നും സാമൂഹിക മാധ്യമങ്ങളില്‍ അത് ലൈവായി സംപ്രേക്ഷണം ചെയ്യുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. മമതയുടെ ആരോപണം അസംബന്ധമാണെന്നും ബി ജെ പി നേതൃത്വം പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ ഒമ്പതിന കുറ്റപത്രം പാര്‍ട്ടി അടുത്തിടെ പുറത്തിറക്കിയിരുന്നു.

Latest