Connect with us

Kerala

ഉത്ര കൊലക്കേസ്: സൂരജിന്റെ മാതാവിനെയും സഹോദരിയെയും ചോദ്യം ചെയ്തു; അറസ്റ്റിലായേക്കുമെന്ന് സൂചന

Published

|

Last Updated

കൊല്ലം | അഞ്ചല്‍ ഉത്ര കൊലക്കേസില്‍ ഭര്‍ത്താവ് സൂരജിന്റെ മാതാവിനെയും സഹോദരിയെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. ഇരുവരും അറസ്റ്റിലായേക്കുമെന്നാണ് സൂചന. മാതാവിനും സഹോദരിക്കുമൊപ്പം സൂരജിനെയും പിതാവിനേയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. കൊലപാതക ഗൂഢാലോചനയില്‍ കുടുംബത്തിന് പങ്കുണ്ടോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ചൊവ്വാഴ്ച തുടര്‍ച്ചയായി അഞ്ചു മണിക്കൂറോളം സൂരജിന്റെ മാതാവ് രേണുകയെയും സഹോദരി സൂര്യയെയും ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതോടെയാണ് വീണ്ടും വിളിച്ചുവരുത്താന്‍ തീരുമാനിച്ചത്.

തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതും ഗാര്‍ഹിക പീഡനവുമാണ് സൂരജിന്റെ പിതാവ് സുരേന്ദ്രനെതിരായ കുറ്റം. സ്വര്‍ണം ഒളിപ്പിച്ചത് രേണുകക്കും സൂര്യക്കും അറിയാമായിരുന്നുവെന്നാണ് സുരേന്ദ്രന്റെ മൊഴി. ഇത് കണ്ടെത്താനായാല്‍ ഈ കുറ്റം ചുമത്തി ഇവര്‍ക്കെതിരെ നടപടി എടുക്കും. സൂരജിനും കുടുംബത്തിനുമെതിരായ ഗാര്‍ഹിക പീഡന പരാതിയും ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. അതേസമയം, വനംവകുപ്പ് സൂരജിനെയും സുരേഷിനെയും കസ്റ്റഡിയില്‍ വാങ്ങും. വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നു. സുരേന്ദ്രന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.