Connect with us

Kerala

കൊവിഡ് പ്രതിസന്ധി: ഹജ്ജ് യാത്ര ക്യാൻസൽ ചെയ്യുന്നവർക്ക് തുക ഉടൻ മടക്കി നൽകും

Published

|

Last Updated

കോഴിക്കോട് | കൊവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തെ ഹജ്ജ് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽ നിന്ന് ഹജ്ജിന് അപേക്ഷിച്ചവർക്ക് തുക ഉടനെ തിരിച്ചു നൽകാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി തീരുമാനം. ഇത്തവണ ഹജ്ജ് ക്യാൻസൽ ചെയ്യാൻ ഉദ്ദേശിക്കുന്നവർ നിർദ്ദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിച്ചാൽ തുക പൂർണ്ണമായും ഉടൻ തന്നെ  തിരിച്ചു നൽകുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി.

ഈ വർഷത്തെ ഹജ്ജ് നടത്തുന്നത് സംബന്ധിച്ച് സഊദി അറേബ്യയിൽ നിന്ന് ഇതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഇത് ഹജ്ജിന് അപേക്ഷിച്ചവർക്കിടയിൽ വലിയ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. ദിനംപ്രതി നിരവധി പേരാണ് ഇക്കാര്യം അന്വേഷിച്ച് ഹജ്ജ് കമ്മിറ്റിയെ ബന്ധപ്പെടുന്നത്. അപേക്ഷകരുടെ ഈ ആശങ്ക കണക്കിലെടുത്ത്  തുക അടിയന്തരമായി തിരിച്ചു നൽകാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ നിർദ്ദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിക്കാത്തവർക്ക്, ഇത്തവണത്തെ ഹജ്ജ് ക്യാൻസൽ ചെയ്യുന്ന സാഹചര്യമുണ്ടായാൽ ഹജ്ജ് സീസൺ കഴിഞ്ഞശേഷം തുക പൂർണമായും മടക്കി നൽകുമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി യുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

കൊവിഡ് സാഹചര്യത്തിൽ ഹജ്ജ് നടപടിക്രമങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നതായി കഴിഞ്ഞ മാർച്ച് 13നാണ് സൗദി അധികൃതർ ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് വിവരം നൽകിയത്. ഇതിനു ശേഷം ഇത് സംബന്ധിച്ച് ഒരു വിവരവും സഊദിയിൽ നിന്ന് ലഭിച്ചിട്ടില്ല. സാധാരണ നിലയിൽ ഇന്ത്യയിലെ ഹജ്ജ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമാണ്  നിലനിൽക്കുന്നത്. എന്നാൽ സഊദി അധികൃതരിൽനിന്ന് വ്യക്തമായ വിവരം ലഭിക്കാത്തതിനാൽ ഇന്ത്യയിലെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.

ഈ വർഷം ഹജ്ജ് യാത്ര ക്യാൻസൽ ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽനിന്ന് നിർദ്ദിഷ്ട ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് നൽകണം. പൂരിപ്പിച്ച ക്യാൻസൽ റിക്വസ്റ്റ് ഫോറം ceo.hajcommittee@nic.in എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യണം. ബാങ്ക് പാസ്ബുക്ക് കോപ്പിയോ ക്യാൻസൽ ചെയ്ത ചെക്ക് ലീഫോ ഇതോടൊപ്പം നൽകണമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സർക്കുലറിൽ വ്യക്തമാക്കുന്നു.

 

ഹജ്ജ് നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ കോവിഡ്  സംബന്ധിച്ച് നിയന്ത്രണങ്ങൾ നിലവിൽ വന്നതിനാൽ ഹാജിമാർക്ക് താമസസൗകര്യം ഒരുക്കുന്നത് ഉൾപ്പെടെ  ഒരു നടപടിക്രമങ്ങളും ആരംഭിച്ചിട്ടില്ല. അതിനാൽ ഹാജിമാർ ആശങ്കപ്പെടേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നും അപേക്ഷിച്ചവർക്ക് തുക നൂറുശതമാനവും തിരിച്ച് ലഭിക്കുമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി സിറാജ് ലൈവിനോട് പറഞ്ഞു.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

Latest