Connect with us

Business

സാമ്പത്തിക പ്രതിസന്ധി: അറ്റലസ് സൈക്കിള്‍ ഓര്‍മയാകുന്നു; അവസാന പ്ലാന്റും പൂട്ടി

Published

|

Last Updated

അറ്റ്‌ലസ് ഫാക്ടറിക്ക് പുറത്ത് പ്രതിഷേധിക്കുന്ന തൊഴിലാളികള്‍

ന്യൂഡല്‍ഹി | സൈക്കിള്‍ എന്ന് കേട്ടാല്‍ ശരാശരി ഇന്ത്യക്കാരന്റെ മനസ്സില്‍ ആദ്യം തെളിയുന്ന ചിത്രം അറ്റ്‌ലസ് സൈക്കിളിന്റെതാകും. ഇന്ത്യയിലെ തെരുവോരങ്ങളില്‍ ഇത്രമേല്‍ ആധിപത്യമുറപ്പിച്ച മറ്റൊരു സൈക്കിള്‍ കമ്പനി ഉണ്ടാകില്ല. എന്നാല്‍ സൈക്കിളിന്റെ പര്യായമായി മാറിയ ഈ നാമം ഇനി അധികകാലം കേള്‍ക്കാനാകില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അറ്റ്‌ലസ് സൈക്കിള്‍ നിര്‍മാണ പ്ലാന്റ് താത്കാലികമായി അടച്ചുപൂട്ടി. ദേശീയ തലസ്ഥാന പ്രദേശത്തോട് ചേര്‍ന്ന സാഹിബാബാദിലെ ഫാക്ടറിയാണ് ലോക സൈക്കിള്‍ ദിനത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

കമ്പനി താത്കാലികമായാണ് പ്രവര്‍ത്തനം നിര്‍ത്തിയതെന്നും തങ്ങളുടെ ഭൂമി വില്‍പനയിലൂടെ 50 കോടി രൂപ സമാഹരിക്കാനായാല്‍ കമ്പനി വീണ്ടും പ്രവര്‍ത്തനം തുടങ്ങുമെന്നും സിഇഒ എന്‍പി സിംഗ് റാണ പറഞ്ഞു. ജൂണ്‍ മൂന്നിനാണ് കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയത്. അവശേഷിച്ച 431 തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തു. എങ്കിലും ദിവസേന ഒപ്പുവെക്കുന്ന തൊഴിലാളിള്‍ക്ക് പിരിച്ചുവിടല്‍ വേതനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് കമ്പനി അടച്ചുപൂട്ടിയതെന്ന് തൊഴിലാളികള്‍ ആരോപിച്ചു. ബുധനാഴ്ച ജോലിക്കെത്തിയപ്പോള്‍ സ്ഥാപനത്തിന് പുറത്ത് ഒരു നോട്ടീസ് പതിച്ചതായി ശ്രദ്ധയില്‍പെട്ടുവെന്നും അപ്പോഴാണ് വിവരങ്ങള്‍ അറിയുന്നതെന്നും ജീവനക്കാര്‍ പറയുന്നു. കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്നും മുന്നോട്ടുപോകാന്‍ ഫണ്ടുകള്‍ ഒന്നും ബാക്കിയില്ലെന്നും അസംസൃകൃത വസ്തുക്കള്‍ വാങ്ങാന്‍ സാധിക്കാത്തതിനാല്‍ നിര്‍മാണം തുടരാനാകില്ലെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.

1989ലാണ് രാജ്യത്തെ ഏറ്റവും വലിയ സൈക്കിള്‍ പ്ലാന്റ് സാഹിദാബാദില്‍ സ്ഥാപിച്ചത്. മാസാന്തം രണ്ട് ലക്ഷം സൈക്കിളുകള്‍ ഉത്പാദിപ്പിക്കുന്ന അറ്റ്‌ലസിന്റെ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഒരേയൊരു പ്ലാന്റായിരുന്നു ഇത്. 2014ലാണ് അറ്റ്‌ലസിനെ സാമ്പത്തിക പ്രതിസന്ധി ആദ്യമായി പിടികൂടിയത്. ഇതേ തുടര്‍ന്ന് മലന്‍പൂരിലെ പ്ലാന്റ് അടച്ചുപൂട്ടി. പ്രതിസന്ധി തുടര്‍ന്നതോടെ 2018ല്‍ സോണിപതിലെ പ്ലാന്റും അടച്ചു. 1951ലാണ് സോണിപതില്‍ ആദ്യമായി പ്ലാന്റ് ആരംഭിച്ചത്.

Latest