Connect with us

National

മലപ്പുറത്തിനെതിരായ പ്രചാരണം; പ്രതിഷേധം ശക്തമാകുന്നതിനിടെ മേനകയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി | പാലക്കാട്ട് ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറത്തെ അവഹേളിച്ച് പ്രസ്താവന നടത്തിയ ബിജെപി എംപി മേനകാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. മേനകാ ഗാന്ധിയുടെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന എന്‍ജിഒയുടെ വെബ്‌സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. കേരള സൈബര്‍ വാരിയേഴ്‌സ് എന്ന ഗ്രൂപ്പാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് പിറകില്‍. അതേസമയം ഏതാനും മണിക്കൂറുകൾക്കകം വെബ്സെെറ്റ് പുനസ്ഥാപിക്കുകയും ചെയ്തു.

കേരളാ വാരിയേഴ്‌സിന്റെ ലോഗോ ഉൾപ്പെടെ സന്ദേശമാണ് വെബ്‌സൈറ്റിന്റെ ഹോം പേജില്‍ ഹാക്കർമാർ പോസ്റ്റ് ചെയ്തിരുന്നത്. ഗര്‍ഭിണിയായ ആന സ്‌ഫോടകവസ്തു ചേർത്ത തേങ്ങ കഴിച്ചതിനെ തുടര്‍ന്ന് മരിച്ച സംഭവം നടന്ന പാലക്കാട് ജില്ലയിലെ അമ്പലപ്പാറയുടെ ഗൂഗിള്‍ മാപ്പും ഇതോടൊപ്പം ചേര്‍ത്തിരുന്നു. പാവപ്പെട്ട ഒരു ആന ചരിഞ്ഞ സംഭവത്തെ വൃത്തികെട്ട രാഷ്ട്രീയത്തിനായി മേനക വലിച്ചിഴച്ചു എന്ന സന്ദേശവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

“മൃഗസ്‌നേഹത്തെ മുസ്‌ലിം വിദ്വേഷവുമായി കൂട്ടിക്കെട്ടിയതിലൂടെ നിങ്ങളുടെ അജണ്ട വ്യക്തമാണ്. മുന്‍ മന്ത്രിയും ലോക്‌സഭാംഗവുമായ ഒരു വ്യക്തി എന്ന നിലയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് രാജ്യത്തിന് ഭീഷണിയാണ്. ഇത് അംഗീകരിക്കാനാകില്ല. മലപ്പുറത്ത് ഹിന്ദുവും മുസ്ലീമും തമ്മിലുള്ള ബന്ധം ശക്തമാണ്” – വെബ്‌സൈറ്റിലെ സന്ദേശം തുടരുന്നു.

പാലക്കാട് ജില്ലയില്‍ നടന്ന സംഭവത്തിന്റ പേരില്‍ മലപ്പുറം ജില്ലയെ അവഹേളിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ മേനക ഗാന്ധിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നതിനുടെയാണ് അവരുടെ നേതൃത്വത്തിലുള്ള വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും മേനകാ ഗാന്ധിക്ക് എതിരെ രംഗതത് വന്നിരുന്നു.

Latest