Connect with us

Education

യുപിഎസ്‌സി പരീക്ഷാ ഷെഡ്യൂളായി; സിവില്‍ സര്‍വീസ് പ്രാഥമിക പരീക്ഷ ഒക്‌ടോബര്‍ നാലിന്

Published

|

Last Updated

ന്യൂഡല്‍ഹി | സിവില്‍ സര്‍വീസ് പരീക്ഷകളുടെയും അഭിമുഖങ്ങളുടെയും പരിഷ്‌കരിച്ച ഷെഡ്യൂള്‍ കേന്ദ്ര പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി) ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ കലണ്ടര്‍ അനുസരിച്ച് യുപിഎസ്‌സി സിവില്‍ സര്‍വീസസ്, ഐഎഫ്എസ് പ്രാഥമിക പരീക്ഷകള്‍ 2020 ഒക്ടോബര്‍ നാലിന് നടത്തും. സിവില്‍ സര്‍വീസസ് (മെയിന്‍സ്) പരീക്ഷ 2021 ജനുവരി 8 നും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (മെയിന്‍) പരീക്ഷ 2021 ഫെബ്രുവരി 28 നും നടക്കും.

എന്‍ഡിഎ, എന്‍എ പരീക്ഷ (I), എന്‍ഡിഎ, എന്‍എ പരീക്ഷ (II), എന്നിവയ്ക്കുള്ള ഒരു പൊതു പരീക്ഷ 2020 സെപ്റ്റംബര്‍ 6 ന് നടക്കും. കൂടാതെ സിവില്‍ സര്‍വീസിനുള്ള യുപിഎസ്‌സി പേഴ്‌സണാലിറ്റി ടെസ്റ്റുകള്‍ (മെയിന്‍) 2019 ജൂലൈ 20 മുതല്‍ പുനരാരംഭിക്കും. തീയതികള്‍ ഉദ്യോഗാര്‍ഥികളെ കമ്മീഷന്‍ വ്യക്തിഗതമായി അറിയിക്കും.

എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും 10 ലക്ഷത്തോളം പേര്‍ സിവില്‍ സര്‍വീസസ് പ്രാഥമിക പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപേക്ഷകര്‍ക്ക് പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് ഇഅഡ്മിറ്റ് കാര്‍ഡ് നല്‍കും. യുപിഎസ്‌സി വെബ്‌സൈറ്റായ https://upsconline.nic.in ല്‍ നിന്ന് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. അഡ്മിറ്റ് കാര്‍ഡുകള്‍ തപാല്‍ വഴി അയയ്ക്കില്ല. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യ പേപ്പറുകളില്‍ തെറ്റായി രേഖപ്പെടുത്തുന്ന ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്ക് ബാധമായിരിക്കുമെന്നും യുപിഎസ്‌സി വ്യക്തമാക്കി.

അപേക്ഷകള്‍ സംബന്ധിച്ച് എന്തെങ്കിലും മാര്‍ഗ്ഗനിര്‍ദ്ദേശമോ വിവരങ്ങളോ ആവശ്യമുണ്ടെങ്കില്‍ യുപിഎസ്‌സി കാമ്പസിലെ ഗേറ്റിന് സമീപമുള്ള ഫെസിലിറ്റേഷന്‍ കൗണ്ടറുമായി നേരിട്ട് ബന്ധപ്പെടാം. അല്ലെങ്കില്‍ 01123385271 / 01123381125 / 01123098543 എന്നീ നമ്പറുകളില്‍ രാവിലെ പത്തിനും അഞ്ചിനുമിടയില്‍ ബന്ധപ്പെടാം.

ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്), ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്എസ്), ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐപിഎസ്) എന്നിവയുള്‍പ്പെടെ വിവിധ സിവില്‍ സര്‍വീസുകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി) ഇന്ത്യയിലുടനീളം നടത്തുന്ന മത്സരപരീക്ഷയാണ് സിവില്‍ സര്‍വീസ് പരീക്ഷ.

പൂർണമായ ഷെഡ്യൂൾ ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ ചെയ്യാം

Latest