Connect with us

Kerala

പള്ളികള്‍ തിങ്കളാഴ്ച മുതല്‍ തുറക്കാം; മാര്‍ഗ നിര്‍ദേശങ്ങളായി

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കാം. തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. പള്ളിയില്‍ നിസ്‌കരിക്കാന്‍ 65 വയസ് കഴിഞ്ഞവര്‍ക്കും കുട്ടികള്‍ക്കും അനുമതിയില്ല. നിസ്‌കരിക്കാന്‍ വരുന്നവര്‍ പായയോ നിസ്‌കാര പടമോ കൊണ്ടുവരണം. മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. അതേസമയം കണ്ടയിന്‍മെന്റ് മേഖലയില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതിയില്ല.

ആരാധനാലയങ്ങളുടെ കവാടത്തില്‍ സാനിറ്റൈസറുകള്‍ സൂക്ഷിക്കുകയും ഇവിടേക്ക് എത്തുന്നവരെ തെര്‍മല്‍ സ്‌കാനിംഗ് നടത്തുകയും വേണം. ആരാധനായലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുകയോ കൈകള്‍ സോപ്പിട്ട് കഴുകുകയോ ചെയ്യണം. ഇരിക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കണം. ആരാധനാലയങ്ങളില്‍ നിന്ന് പ്രസാദമോ തീര്‍ത്ഥമോ നല്‍കാന്‍ പാടില്ല. വിഗ്രഹങ്ങളിലും പരിശുദ്ധ ഗ്രന്ഥങ്ങളിലും തൊടാന്‍ പാടില്ല. ദര്‍ശനത്തിന് മാത്രമേ അനുവാദമുള്ളൂ. വലിയ കൂട്ടായ്മകള്‍ അനുവദിക്കരുതെന്നും രോഗലക്ഷണങ്ങള്‍ ഉള്ളവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ ഷൂ, ചെരുപ്പ് മുതലായവ വാഹനങ്ങളില്‍ തന്നെ അഴിച്ചുവെക്കണം. ആവശ്യമെങ്കില്‍ അവ ഓരോ വ്യക്തിക്കും / കുടുംബത്തിനും പ്രത്യേക സ്ലോട്ടുകളില്‍ തന്നെ സൂക്ഷിക്കാം. ആരാധനാലയങ്ങളിലും മതസ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് ക്യൂ നില്‍ക്കുന്നവര്‍ ആറ് അടി അകലം പാലിക്കണം, ഇടക്കിടെ അണുവിമുക്തമാക്കണം, ആളുകള്‍ ഉപേക്ഷിക്കുന്ന മാസ്‌കുകള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കാന്‍ സംവിധാനം ഒരുക്കണം, ടോയിലറ്റുകളിലും വാഷിംഗ് സ്ഥലങ്ങളിലും കൃത്യമായ അണുനശീകരണം നടത്തണം, പരസ്പരം അഭിവാദ്യം ചെയ്യുമ്പോള്‍ ശാരീരിക സ്പര്‍ശനം ഇല്ലാതെ സൂക്ഷിക്കണം തുടങ്ങിയ കാര്യങ്ങളും നിര്‍ദേശങ്ങളില്‍ ഉണ്ട്. എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ 24-30 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ പ്രവര്‍ത്തിപ്പിക്കണമെന്നും വ്യക്തമാക്കുന്നു.

ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ഈമാസം എട്ട് മുതല്‍ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് മേയ് 30നുള്ള ഉത്തരവില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം ഷോപ്പിംഗ് മാളുകളും റസ്റ്റോറന്റുകളും പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും കേന്ദ്രം പുറത്തിറക്കി. റസ്റ്റോറന്റുകളില്‍ 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ എന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.

Latest