Kerala
മലപ്പുറം ജില്ലക്കെതിരായ പ്രചാരണം അപലപനീയം: മുഖ്യമന്ത്രി

തിരുവനന്തപുരം | ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനും പ്രത്യേകിച്ച് മലപ്പുറം ജില്ലക്കുമെതിരെ വിദ്വേഷ പ്രചാരണം അഴിച്ചുവിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മിണ്ടാപ്രാണിയുടെ മരണം അതും ഗര്‍ഭാവസ്ഥയില്‍ വേദനാജനകമാണ്. പാലക്കാട്ടെ മണ്ണാര്‍കാടാണ് ആന ചരിഞ്ഞത്. കേന്ദ്ര മന്ത്രിയടക്കമുള്ളവര്‍ അടിസ്ഥാന രഹിതമായ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം പ്രചാരണങ്ങള്‍ അംഗീകരിക്കാനാവില്ല.
പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറക്കാന്‍ എന്ത് ചെയ്യാനാകുമെന്നതാണ് പരിശോധിക്കപ്പെടേണ്ടത്. അല്ലാതെ ഇത്തരം കാര്യങ്ങളെ സ്വാര്‍ഥ ലാഭത്തിനു വേണ്ടി മറ്റൊരു തലത്തിലേക്ക് വഴിതിരിച്ചുവിടാനല്ല. കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് ലഭിച്ച പേരിനെയും പ്രശസ്തിയെയും ഇല്ലാതാക്കാമെന്നും വിദ്വേഷം പടര്‍ത്തി മുതലെടുക്കാമെന്നും ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് വ്യാമോഹം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്ന ജില്ലയാണ് മലപ്പുറമെന്ന മനേകാ ഗാന്ധിയുടെ പ്രസ്താവന തെറ്റിദ്ധാരണയുടെ ഭാഗമായാണെങ്കില്‍ അവരത് തിരുത്തുമായിരുന്നു. തിരുത്താന്‍ തയാറാകാത്ത സാഹചര്യത്തില്‍ ബോധപൂര്‍വം പറഞ്ഞതാണ് എന്നാണ് വ്യക്തമാക്കുന്നത്. ഇത്തരം പ്രസ്്താവനകള്‍ ഖേദകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.