Connect with us

Techno

ക്വാഡ് റിയര്‍ ക്യാമറയുമായി സാംസംഗ് എ 31 വിപണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അവസാനത്തോടെ രാജ്യത്ത് അവതരിപ്പിച്ച ഗാലക്‌സി എ 30 ന്റെ പിന്‍ഗാമിയായി സാംസങ് ഗാലക്‌സി എ 31 ഇന്ത്യയില്‍ അവതരിപ്പിച്ചു. വാട്ടര്‍ ഡ്രോപ്പ്‌സ്‌റ്റൈല്‍ ഡിസ്‌പ്ലേ നോച്ചും ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണവും ഉള്‍ക്കൊള്ളിച്ചാണ് എ 31 എത്തുന്നത്.

6 ജിബി വരെ റാമുള്ള ഈ ഫോണ്‍ ആന്‍ഡ്രോയിഡ് 10 പതിപ്പില്‍ പ്രവര്‍ത്തിക്കുന്നു. ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, സംഭരണ വിപുലീകരണത്തിനുള്ള പിന്തുണ, അതിവേഗ ചാര്‍ജിംഗ് പിന്തുണ എന്നിവ സാംസങ് ഗാലക്‌സി എ 31 ന്റെ മറ്റ് പ്രധാന സവിശേഷതകളാണ്. പ്രിസം ക്രഷ് ബ്ലാക്ക്, പ്രിസം ക്രഷ് ബ്ലൂ, പ്രിസം ക്രഷ് വൈറ്റ് കളര്‍ ഓപ്ഷനുകളില്‍ ഗാലക്‌സി എ 31 ലഭിക്കും.

ഡ്യുവല്‍ സിം (നാനോ) സാംസങ് ഗാലക്‌സി എ 31ല്‍ 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080ഃ2,400 പിക്‌സല്‍) ഇന്‍ഫിനിറ്റി യു ഡിസ്‌പ്ലേയാണ് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സൂപ്പര്‍ അമോലെഡ് പാനലാണ് ഡിസ്‌പ്ലേക്കായി ഉപയോഗിക്കുന്നത്. എഫ് / 2.0 ലെന്‍സുള്ള 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും എഫ് / 2.2 അപ്പര്‍ച്ചര്‍ ഉള്ള 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഷൂട്ടറും ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറയാണ് ഫോണില്‍ സ്ഥാപിച്ചിരിക്കുന്നത്. ക്യാമറ സജ്ജീകരണത്തില്‍ എഫ് / 2.4 ലെന്‍സുള്ള 5 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും എഫ് / 2.4 മാക്രോ ലെന്‍സുള്ള 5 മെഗാപിക്‌സല്‍ സെന്‍സറും ഉണ്ട്. സെല്‍ഫികള്‍ക്കായി, മുന്‍വശത്ത് 20 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയാണ് ഈ ഫോണില്‍ ഉള്ളത്.

6 ജിബി റാമും 128 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജും ഉള്‍പ്പെടുന്ന മോഡലിന് 21,999 രൂപയാണ് വില. ഇന്ന് മുതല്‍ ഫോണ്‍ രാജ്യത്ത് വില്‍പ്പനയ്‌ക്കെത്തും. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, ബെനോ, സാംസങ് ഇന്ത്യ ഇസ്റ്റോര്‍ എന്നിവയിലൂടെയും സാംസങ് ഓപ്പറ ഹൗസ് ഉള്‍പ്പെടെയുള്ള ഓഫ്‌ലൈന്‍ റീട്ടെയിലര്‍മാര്‍ മുഖേനയും ഫോണ്‍ ലഭ്യമാകും.