Connect with us

International

സൈന്യത്തെ ഇറക്കല്‍: ട്രംപിനെതിരെ പ്രതിരോധ സെക്രട്ടറി, രാജ്യത്തെ വിഭജിക്കുകയാണെന്ന് മുന്‍ പ്രതിരോധ സെക്രട്ടറി

Published

|

Last Updated

വാഷിംഗ്ടണ്‍ | ജോര്‍ജ് ഫ്‌ളോയിഡിന്റെ ക്രൂര കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയിലുടനീളം അലയടിക്കുന്ന പ്രക്ഷോഭം സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തെ എതിര്‍ത്ത് പ്രതിരോധ സെക്രട്ടറി മാര്‍ക് ടി എസ്പര്‍. ഈ ഘട്ടത്തില്‍ അത്തരമൊരു നടപടി അനാവശ്യമാണെന്ന് എസ്പര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ പ്രസിഡന്റ് വിഭജിക്കുകയാണെന്ന രൂക്ഷ വിമര്‍ശവുമായി മുന്‍ പ്രതിരോധ സെക്രട്ടറി ജിം മറ്റിസ് ട്രംപിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് പെന്റഗണ്‍ മേധാവി കൂടിയായ എസ്പറിന്റെ പ്രതികരണം.

അമേരിക്കന്‍ പ്രസിഡന്റിനെതിരെ പെന്റഗണ്‍ പരസ്യമായി രംഗത്തുവരുന്ന അപൂര്‍വ സന്ദര്‍ഭം കൂടിയാണിത്. യു എസ് നഗരങ്ങളില്‍ സൈന്യത്തെ ഇറക്കുന്നതിന് കലാപ നിയമം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. അങ്ങനെ വന്നാല്‍ അമേരിക്കന്‍ നഗരങ്ങള്‍ യുദ്ധഭൂമിയാകുമെന്ന് എസ്പര്‍ ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ ജനതയെ ഒത്തിണക്കാന്‍ ശ്രമിക്കാത്ത തന്റെ ജീവിതത്തിലെ ആദ്യ പ്രസിഡന്റ് ആണ് ട്രംപ് എന്നായിരുന്നു മറ്റിസിന്റെ വിമര്‍ശം. ജനങ്ങളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് തോന്നിപ്പിക്കാന്‍ പോലും അദ്ദേഹത്തിനാകുന്നില്ല. പകരം നമ്മെ വിഭജിക്കുകയാണ് അദ്ദേഹം. മൂന്ന് വര്‍ഷത്തെ അനന്തരഫലമാണ് നാം അഭിമുഖീകരിക്കുന്നത്. പക്വതയാര്‍ന്ന നേതൃത്വത്തിന്റെ അഭാവം നിഴലിക്കുന്ന മൂന്ന് വര്‍ഷത്തിന്റെ അനന്തരഫലമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ കീഴില്‍ രണ്ട് വര്‍ഷം പ്രതിരോധ സെക്രട്ടറിയായിരുന്നു മറ്റിസ്. സിറിയയില്‍ നിന്ന് സൈനികരെ പിന്‍വലിക്കാനുള്ള ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് രൂക്ഷ വിമര്‍ശമുന്നയിച്ചാണ് അദ്ദേഹം പ്രതിരോധ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്തുപോകുന്നത്.

Latest